-ഓർമ്മ ചിത-
എരിഞ്ഞു തീർന്ന ചില ഓർമ്മച്ചിത്രങ്ങൾ
ഒരിക്കൽ കൂടെ ആർത്തലച്ചു കരയണം എന്നവല്ക് തോന്നി... ഓർമ്മകൾ തികട്ടി വരുമ്പോഴൊക്കെ കണ്ണും മനസ്സും കൂടുതൽ കൂടുതൽ തിരക്കുകൾ തേടി ഓടാൻ തുടങ്ങും. അത്ര മാത്രം കഴിഞ്ഞ കാലത്തെ അവൾ വെറുത്തു കഴിഞ്ഞിരുന്നു. എന്നിട്ടും ഇപ്പോ കരഞ്ഞേ തീരു, എങ്കിൽ മാത്രമേ ഉള്ളിൽ ഉറയ്ക്കുന്ന വേദന ഉരുകുകയുള്ളൂ എന്നവല്ക് തീർച്ചയായിരുന്നു... പക്ഷെ എങ്ങിനെ തന്റെ കണ്ണുകളിത്ര മാത്രം വരണ്ടു പോയെന്നു അവള്ക്ക് മനസ്സിലാവുന്നില്ലായിരുന്നു... മനസ്സ് അലറി വിളിച്ചു കരയുമ്പോഴും, ഇളം റോസ് നിറത്തിൽ ഒരു ജീവനില്ലാത്ത ചിരി അവൾ ചുണ്ടിൽ തേച്ചു വച്ചിരുന്നു...കഴിഞ്ഞ കാലത്തിൽ നിന്നും മാത്രമല്ല അവളുടെ ഓർമ്മകൾ തങ്ങി നില്ക്കുന്ന എല്ലാ വഴിയോരങ്ങളും ഉപേക്ഷിച്ച് തികച്ചും പുതിയൊരു മനുഷ്യനായാണ് പുതിയൊരു ലോകത്ത് അവൾ എത്തിയത്... ഏറെ അസ്വസ്ഥതയോടെ അറിയാത്തോരാൾക്ക് തന്റെ ശരീരത്തെ വിൽക്കപെട്ടൊരു ദിനം, അതെന്നാണെന്ന് ഓർത്തെടുക്കാനവുന്നില്ല. പണം അച്ഛന്റെ ജീവന്റെ വിലയായ നിമിഷം ശരീരം വെറും ഒരു മാംസമാണെന്ന് മനസ്സാക്ഷിയെ ധരിപ്പിച്ചു... കാമം കൊണ്ട് വിശന്ന ഏതോ ഒരു ചെന്നായക്ക് മുന്നിൽ സ്വയം വേശ്യയായി...കൊടുംകാറ്റു പോലെ ഒരു കാക്കി പടയുടെ വരവറിഞ്ഞു... വെറും 30 നിമിഷം കൊണ്ട് കാക്കിയുടുപ്പിന്റെ നേരും, ചൂരും അറിഞ്ഞു... അറിയാത്ത പല മുഖങ്ങളും തന്നെ ആസക്തിയോടെ മാത്രം നോക്കി തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഓടിയൊളിക്കാൻ തുടങ്ങി കണ്ണാടിയുടെ മുന്നില് നിന്ന് പോലും ഒളിച്ചു നടന്നു...
പിന്നെയെപ്പോഴോ ജീവിതം വച്ച് നീട്ടിയൊരുവൻ കടന്നു വന്നു... വഴികളെല്ലാം അവനിലെക്കാവസനിച്ചപ്പോൾ, ജീവിതത്തിൽ ആദ്യമായി പ്രണയം പൂക്കാൻ തുടങ്ങി... വെരുകിനെ പോലെ മനസ്സ് പലപ്പോഴും ഓർമകളുടെ പടിപ്പുര വരെ പോയി തിരികെ ഓടി വരുമായിരുന്നു, നഷ്ടമാകുമെന്ന ഭയം അവളെ ഭീരുവും, ഒരു വലിയ രഹസ്യത്തിന്റെ കാവൽക്കാരിയുമാക്കി... പക്ഷെ ഇന്ന് ഈ നിമിഷം എല്ലാം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു... പെണ്ണ് കാണലായിരുന്നു...കൊമ്പൻ മീശയും, ചോര ഞരമ്പോടുന്ന കണ്ണുകളും... ഒരു നിമിഷം ശിലയായി നിന്നു... തിരിഞ്ഞു പോലും നോക്കാതെ തന്റെ സ്വപ്നങ്ങലോകെയും വാരിയെടുത്ത് ജീവിതം കടന്നു പോവുന്നു... ഈ നീണ്ട മരവിപ്പിൽ നിന്നും ഉണരാൻ ഒരിറ്റു കണ്ണീരെങ്കിലും... ഇല്ല,അതും നിഷേധിക്കപ്പെട്ടവയുടെ കൂടെ കടന്നു പോയിരിക്കുന്നു....
No comments:
Post a Comment