Tuesday, August 26, 2014

രണ്ടു തട്ടിൻപുറമുള്ള ആ വീടിനു ചില നിഗൂഡതകളുണ്ടെന്നു എന്റെ കുട്ടി മനസ്സിൽ തോന്നിയിരുന്നു...
ചങ്ങല കരഞ്ഞു ഒരാട്ടുകട്ടിൽ പാതി ഇരുട്ടു മൂടിയ ആ കുഞ്ഞു അകത്തളത്തിൽ എല്ലായ്പ്പോഴും ആടി കൊണ്ടിരുന്നു...
ഇടുങ്ങിയ മരക്കോണിയും രണ്ടടിയോളമുള്ള കുഞ്ഞു വരാന്തയും കടന്നാൽ പിന്നെ അലങ്കാരത്തിന്റെ ഒരു വേറിട്ട ലോകം കാണാം...
മഞ്ഞും, നിലാവും കലർന്ന ഗന്ധർവ രാത്രിയെ പോലെ മഞ്ഞ നിറമാർന്നു ആ മുറിക്കെപ്പോഴും.... അരണ്ട മഞ്ഞ വെളിച്ചത്തിൽ  നിറയെ അത്ഭുതം നിരക്കുന്ന കാഴ്ചകൾ... പല വർണ്ണ കുപ്പിവള തുണ്ടുകൾ പിണർന്നുണ്ടാക്കിയ ചില്ലു മാല ആ ചുമരിനോട് ചേർന്ന് പടര്ന്നു കിടക്കുന്നുണ്ടായിരുന്നു... നേർത്ത സുഗന്ധത്തിൽ പട്ടുവസ്ത്രങ്ങളുടെ ഒരു കുഞ്ഞലമാര... അടുക്കിവച്ച പുസ്തകങ്ങളും, പല നിറങ്ങളിൽ സ്ഫടിക വളകൾ.... ചുവരിൽ നന്മയുടെ ചില ചിത്രങ്ങൾ... ജനാലക്കപ്പുറം  തലയെടുപ്പോടെ പച്ച മരക്കൂട്ടം ... പല രാത്രികളിലും കനത്ത ചെമ്പക സുഗന്ധം കൊണ്ട് ആ മുറി നിറയാറുണ്ടായിരുന്നു... അത്രയ്കും ഗൃഹാതുരവും, സൗന്ദര്യവുമുള്ള ഒരു മുറിയും ഞാൻ പിന്നെ കണ്ടിട്ടില്ല... അതിന്റെ ഉടമസ്ഥയുടെ വിവാഹ ശേഷം അനാഥമാക്കപെട്ട പെട്ട ആ മുറി ഒരു ശ്മശാനം പോലെ തോന്നിച്ചു...  ചിതറിയ വള പൊട്ടു പോലെ കിടന്ന ആ മുറി എന്റെ ഉള്ളിൽ ഒരു നീറ്റലായി കുറെ കാലം കിടന്നു....എന്നോ ഒരിക്കൽ സൗന്ദര്യം ജ്വലിച്ചു നിന്നിരുന്ന ആ മുറിയും ആട്ടു കട്ടിലും ഉൾപെടെ പലതും പരിഷ്ക്കാരത്തിന്റെ കടന്നു വരവിൽ തകർക്കപ്പെട്ടു.... ആലിപ്പഴം വീഴുന്ന ആ ഓടിൻ പുറമുള്ള വീട് ഇന്നും ഓർമകളുടെയും, സ്നേഹത്തിന്റെയും വറ്റാത്ത കലവറയായി എന്റെ ഉള്ളിലവശേഷിക്കുന്നുണ്ട്

No comments:

Post a Comment