ഉറങ്ങുവാണെന്നാണു ഞാൻ ധരിച്ചത്...
ശാന്തമായി, ശ്വാസത്തിന്റെ നേർത്ത താളം പോലുമില്ലാതെ,ഏറെ സന്തുഷ്ട്ടയായി..
അറിയാതെ ഉതിർന്നു വീണ ഉടയാട പോലെ ഉലഞ്ഞു തളർന്നു കിടക്കുന്നു എന്റെ ദേഹം
ഇരുളിന്റെ വളയമിട്ട മിഴികളിപ്പോഴും തുറക്കനെന്ന പോലെ പാതി കൂമ്പിയിരിക്കുന്നു
ലവലേശം രക്ത രാശിയില്ലാത്ത ചുണ്ടുകളിലിപ്പോഴും പറയാൻ തുനിഞ്ഞൊരു വാകിന്റെ തുമ്പ് തങ്ങി നിൽപ്പുണ്ട്
ഓർത്തെടുക്കാൻ കഴിയാത്ത ഭൂതകാലത്തിലെ ബന്ധനങ്ങളെന്നു തോന്നിക്കും മുഖങ്ങൾ -
ചുവന്ന കവിളും, കലങ്ങിയ കണ്ണുകളുമായി എനിക്കു ചുറ്റിലും കണ്ണീരിന്റെ ചൂടും, വിലാപത്തിന്റെ മരവിപ്പും നിറക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു...
കനത്ത മഞ്ഞിലൂടെന്ന പോലെ കാഴ്ചകളെല്ലാം നനഞ്ഞു മങ്ങിയിരിക്കുന്നു
വഴിയറിയാതെ നഗരത്തിലൊറ്റപെട്ടവളെ പോലെ ഞാനസ്വസ്ഥ യാവാൻ തുടങ്ങിയിരിക്കുന്നു....
നിലാവിറങ്ങി വരും പോലൊരു കാഴ്ചയെന്റെ കണ്ണിൽ നിറയുന്നുണ്ട്, മരവിച്ചു മരമായ കൈകളിൽ നേർത്ത ചൂട് പടർന്നു ഞരമ്പുകൾ പിന്നെയും പച്ചയിലേക്ക്...
പറക്കാൻ ചിറകു കിളിർക്കുന്നതു കിനാകണ്ട ഞാൻ വേരിറങ്ങിയ ഭൂമിയുടെ ഉള്ളറകളിലേക്ക് തെന്നിയിറങ്ങുകയാണ്...
കേട്ടറിഞ്ഞ സ്വർഗ്ഗത്തെക്കാളുമേറെ, പറഞ്ഞരിയിക്കാനാവാത്തൊരു സുന്ദരലൊകമെന്റെ മുന്നിൽ...
ഒരു നിമിഷം... ഓർമയുടെ വെളിച്ചം വീശാൻ തുടങ്ങി... എന്റെ ലോകം, നാഥൻ , കുഞ്ഞുങ്ങൾ, കുരുന്നു ചെടികൾ, അമ്മ ...
തിരിച്ചു നടക്കാനാവാത്തൊരു വിദൂര സ്വപ്നം...
വേദനയോടെ തിരിച്ചറിയുന്നു ഞാൻ... നരകമെന്നാൽ ആശിച്ചതെല്ലാം ആവോളം തന്നു ഏകാന്തതയുടെ ലോകത്തിൽ നാം തളച്ചിടപ്പെടുകയെന്നതാണെന്ന്
No comments:
Post a Comment