Tuesday, August 19, 2014

തവിട്ടു നിറമാർന്ന നിന്റെ കണ്ണുകളെന്റെ കിനാക്കളൊക്കെയും കവർന്നെടുത്തു... തിരികെ നല്കു എന്റെ നിദ്രയെങ്കിലും

മൊഹബത്തിന്റെ ജിന്ന് വിളിക്കണ്... ദഫ്ഫു കൊട്ടണ ഖൽബ്... ജന്നം ജഹന്നമാക്കല്ലേ റബ്ബേ...


നിറമുള്ളോരു വാക്കെനിക്കു വേണം,
ഹൃദയത്തിൽ നിന്റെ മുഖം വരഞ്ഞിടാൻ


പുണർന്നു നില്ക്കുന്നുണ്ടെന്നെ, മല മുകളിൽ നിന്നും കിതച്ചു വന്നൊരു കാറ്റ്...

മനസ്സിലൊരു മന്താരം പൂവിട്ടിരിക്കുന്നു... പ്രണയം മൂളിയൊരു കരിവണ്ടെന്നെ തേടുന്നുണ്ട്

ഉള്ളുരുകി ഒരു രാത്രി കൂടെ കടന്നു പോവുന്നു... കാത്തിരിപ്പിന്റെ വെളിച്ചമണഞ്ഞു... ഞാൻ പോകയാണ് നിന്റെ കിനാവിലേക്കില്ലിനി...

സ്വരം തേടിയലയുന്നു,
നിന്റെ നിശബ്ദ തീരങ്ങളിൽ
ചിറകു തളർന്നൊരു വാനമ്പാടി


ജനിക്കണമിനിയും 
ഞാനായി ജീവിക്കാൻ 
മതങ്ങളുടെ വേലികളില്ലാത്തൊരു ലോകത്ത്



മധുരം നിറഞ്ഞൊരു ശമനതാളം...
ഹൃദയം നിറച്ച് നിന്റെ മൂളിപാട്ട് നിലക്കാതെ


മേഘം മറച്ചൊരു ചന്ദ്രൻ എനിക്കായിന്നും നിലാവ് പൊഴിക്കുന്നുണ്ട്


കവിത മൂളുന്നുണ്ടൊരു കാട്... പുഴയും താണ്ടി വന്ന അലസനായൊരു കാറ്റ് തലോടുമ്പോൾ

ഓടിയോടി തളരുന്നുണ്ട് മനസ്സും, മേനിയും... ഇനിയുമെന്തെ കുറയാതെ ഈ തടിച്ചി പെണ്ണ്


മഞ്ഞിന്റെ നനവാർന്നോരീ രാവ് കാത്തിരിപ്പിന്റെയാണ്... കേൾക്കാതെ പോയാലും , നീ വരും വരെക്കുമെന്റെ ഹൃദയം മുറിവേറ്റു പാടും...


കുതറുന്നു പ്രവാസം ഉള്ളിലൊരു സ്വാതന്ത്ര കൊടി പാറുമ്പോൾ


വാർമുകിലായ് ഒരു ജന്മം കൂടെ... നിന്റെ നെഞ്ചിലൊരു മഴയായ് പെയ്തു വീണു മരിക്കാൻ


സൂര്യനായ് നീ ഉദിച്ചു നില്ക്കുന്നു എന്റെ ആകാശം നിറയെ... കിരണങ്ങളേറ്റു ഞാൻ ഉരുകുമൊരു മഞ്ഞു തുള്ളിയായ് അലിയുന്നു വീണ്ടും...

മൈലാഞ്ചി മണക്കും, കരി വളകൈകൾ ഇന്നും ഓര്മയുടെ പിന്നാമ്പുറങ്ങളിൽ വന്നെന്റെ കണ്ണ് പൊത്തുന്നു


മഞ്ഞു പെയ്തൊരു രാത്രി മരവിച്ചുറങ്ങുന്നു ... നിഴൽ വീണ വഴി നോക്കി സുറുമ വരച്ച മിഴികൾ... അവൻ വരും


ഉരുളി കമഴ്ത്തി ഉണ്ടായവന്, ഉരുള വച്ച് കൈ കൊട്ടി ഒരമ്മ


അവളുടെ കണ്ണിലുണ്ടൊരു കാന്തം, വലിച്ചു കൊണ്ടുപോവുന്നുണ്ടെന്റെ നോട്ടങ്ങളൊക്കെയും


സ്വപ്നം കൊണ്ട് വരച്ച പോലെയൊരു മഴവില്ലുദിച്ചിരിക്കുന്നു-മഴയുടെ ശ്രുതിയും, മണ്ണിന്റെ മണവും... ആത്മാവിലേക്ക് പെയ്യുന്നു ലഹരിയുടെ പേമാരി ..


വിഭ്രാന്തിയുടെ വേലിയേറ്റത്തിനോടുവിൽ സിരകളിൽ വൈദ്യുതത്തിരകള്‍, പിന്നെ ഇരുളിന്റെയൊരു മഹാസമുദ്രം...

അകലെയെവിടെയോ കടലിരമ്പുന്നുണ്ട്, ഒരമ്മയുടെ കണ്ണീരിന്റെ കാണാകടൽ...

വർണ്ണ മഴ പെയ്യൂന്നു ... ഒരൊറ്റ നിറമുള്ള മാരിവില്ലായി നീ വാനം നിറയെ...

കൊയ്തെടുക്കാനാവുമോ, എന്നിൽ നീ വിതച്ചു പോയ നിമിഷങ്ങൾ വിളയിച്ച ഓർമയുടെ കതിർപ്പാടങ്ങളൊക്കെയും...


***ഓർമയിൽ മൈലാഞ്ചി കൈകളും, തക്ബീറിന്റെ താളവും,
ഉമ്മച്ചിയുടെ ചിരിയും, സ്നേഹം നിറഞ്ഞ ഒരു ഉരുള ചോറും...
പെരുന്നാള്‍ ആശംസകൾ..***


മതം കൊണ്ടൊരു വേലി കെട്ടി നീയെന്റെ സ്വപ്നങ്ങളെ പുറത്തു നിരത്തിയിരിക്കുന്നതെന്താണ് ?



മലമുകളിൽ നിന്നും വീണു മരിക്കുന്നോരരുവി...
ചിതറി തെറിച്ചിട്ടും പ്രണയാതുരയായി ഒഴുകി അലയുന്നുണ്ടവളൊരു കാണാകടല് തേടി...



കരളിലിപ്പോഴും മായാതെ കിടപ്പുണ്ട് പെണ്ണെ... കാൽ വിരൽ കൊണ്ട് നീ വരഞ്ഞിട്ട വട്ടം



നിദ്രയിൽ പോലും, പ്രണയം തുളുമ്പുമൊരു കിനാവല്ലരി പോലെ പുണരുന്നെന്നിൽ നിന്റെ ഗന്ധർവ സംഗീതം...



ഒരു പെട്ടീം, കുറെ പൊട്ടിയ സ്വപ്നങ്ങളും... പ്രവാസി






















2 comments: