Thursday, January 8, 2015

ഏറെ എഴുതിയിട്ടും
ഞാൻ അറിയാതെ പോയ
കവിതയാണ് നീ

കുഞ്ഞുങ്ങളെ കൊല്ലുന്നവരുടെ
മതവും ദൈവവും 
മനുഷ്യരുടെതല്ല

നീ എന്റെ കൈ രേഖകളിലേക്ക് നോക്കു...
പല വഴിയിൽ പടർന്ന വേരുകളെ പോലെ അവ നീണ്ടു, ചുരുണ്ട് കിടക്കുന്നു... ഒരപൂർണ്ണ ചിത്രം പോലെ വെട്ടേറ്റതുപോലെയുള്ള ഈ വരകളെന്നെ ചില നേരം ആശയകുഴപ്പത്തിലാക്കുന്നു... ഇതിലെവിടെയോ ഭാവിയുടെ രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ടത്രേ... നിന്റെ കയ്യോട് ചേർത്ത് വക്കുമ്പോഴെല്ലാം അവ്യക്തമായ ചില രേഖകൾ തെളിയുകയും അതിനു ജീവൻ വച്ച് നിന്റെ കൈവെള്ളയിലേക്കതു നൂണ്ടു കയറുകയും ചെയ്യുന്നു...
ഒന്നുമില്ലെന്ന് പറഞ്ഞിട്ടും 
എന്തൊക്കെയോ ബാക്കി വക്കുന്നു
ചില മൗനങ്ങൾ

ദുനിയാവിന്റെ അറ്റത്തേക്ക് പറക്കാൻ ഇയ്യെന്റെ ഖൽബിൽ കാത്തു വക്കാൻ തന്ന കിനാവിന്റെ ഉറുമാല് കൊണ്ട് ഞമ്മളൊരു കുരുക്ക് കെട്ടീണ്ട്...
മഗരിബ് ബാങ്ക് വിളിക്ക് ശേഷം എന്നും മാനത്ത് നക്ഷത്രം മിന്നാൻ തുടങ്ങുമ്പോ അന്നെ ഞമ്മള് കാണാറുണ്ട്... ഇയ്യതോരിക്കലും അറിയാറില്ല... ദിക്കർ ചൊല്ലി പടച്ചോനോട്‌ തല്ലു പിടിക്കണതും അനക്ക് വേണ്ടിട്ടു തന്നേർന്നു... എന്നിട്ടും അനക്ക് ഞമ്മല്ടെ ചങ്കില് കത്തണ തീ കാണാനായില്ല.... അന്നോട് മിണ്ടുമ്പോ ഒക്കേം ദേശ്യം പിടിപ്പിച്ച് ഒറക്കെ ഒറക്കെ പൊട്ടിചിരിക്കുംമ്പോ, വെറുത്തു വെറുത്ത് ഇയ്യെന്നെ ആട്ടിയകറ്റുമ്പോ ഇയ്യെപ്പഴേലും അറിഞ്ഞിരിക്കണ ഞമ്മന്റെ റൂഹ് പോലും പൊട്ടി തകർന്നു അനക്ക് വേണ്ടി കരഞ്ഞു മയ്യത്താവാണ് എന്ന് .... ഇയ്യില്ലാണ്ട് ഈ ദുനിയാവ് ഞമ്മക്ക് ജഹന്നമാണ് അനക്ക് ഞമ്മളില്ലാത്ത ലോകം ജന്നത്തിൽ ഫിർദൗസും .... ആരൊക്കെ എന്തോക്കെ പറഞ്ഞാലും ഒരു സില്മേൽ പറഞ്ഞ പോലെ കിസ്മത്ത് പറഞ്ഞ ഒന്നുണ്ട്ലേ ശരിക്കും... അതോണ്ടാണല്ലോ കിസ്മത്തിനെ കിട്ടീപ്പോ ഇയ്യങ്ങട്ട് പൊയ് പോയത്
രഹസ്യം 
-------------------
സ്വരമിടറാതെ, കണ്ണിൽ നനവ്‌ പടർത്താതെ 
എന്റെയുള്ളിലൊളിപ്പിക്കുന്ന നിലവിളികളെ 
അകലങ്ങളിലിരുന്നമ്മയെങ്ങിനെയാണറിയുന്നത്

ഡിമാന്റ്
--------------
കവിതകളിലിപ്പോഴും ഒന്നാം പട്ടം പ്രണയത്തിനാണ്
അമ്മയും, അച്ഛനും, പട്ടിണിയും പിന്നിൽ മത്സരിച്ചു നിൽക്കയാണ്‌...
ഓരോ അപകടവും, വേദനയും വെറുപ്പിക്കുവോളം
കവിതകളായി പിറന്നു പിറന്നു ആവേശമാറുന്നതോടെ
കവി മനസ്സിലും മറവിയിലേക്ക് മൂടപ്പെടുന്നു
പല വിഷയങ്ങൾ പല രൂപം പൂണ്ടു വികാരങ്ങളുടെ
ഭാഷയണിഞ്ഞു കാത്തിരുന്നിട്ടും കണ്ണുകളിലുടക്കാതെ കടന്നു പോവുന്നു
വിരസമായതിനെ പുതുക്കിയെടുത്തു ദ്രവിച്ച അക്ഷരങ്ങൾ
കോർത്ത്‌ കെട്ടി പിന്നെയും കവിതകളെ ജനിപ്പിച്ചു
ഇഷ്ടങ്ങളെ കാത്തിരിക്കയാണ് ഞാനും നിങ്ങളും
ധനം
---------------------------------
രണ്ടായിരമാണ്ടുകൾക്കപ്പുറം ഞാൻ പുനർജനിക്കും,
അന്ന്, വിചിത്രമായൊരു പഴങ്കഥ കേട്ട് ഞാനതിശയിക്കും
ആകാശത്തിൽ നിന്നും തണുപ്പുറഞ്ഞു അടരുന്ന -
ആലിപ്പഴങ്ങൾക്കൊപ്പം ഒന്നിടവിട്ട മുറിഞ്ഞ ജല നൂലുകൾ
പൊഴിയാറുണ്ടായിരുന്നെന്നു കേട്ട്-
ദരിദ്രമാക്കപ്പെട്ട വിളർത്ത മേഘങ്ങളെ നോക്കി ഞാൻ സഹതപിക്കും
ചുഴലി ബാധിച്ച ഭ്രാന്തൻ കാറ്റ് വലയം വക്കുമ്പോൾ
പുതു ഗീതികൾ പാടുന്ന ഹരിത രൂപങ്ങളുണ്ടായിന്നുവെന്നും, അവയ്ക്ക് മുകളിൽ
പേരറിയാ പക്ഷികളുടെ ശാന്തി ഭവനങ്ങളും ഞാനറിയും...
കുപ്പികളിലടച്ചു ശ്വാസമടക്കുന്ന ദാഹശമനി പലവഴി പിരിഞ്ഞൊഴുകി
പല ദേശങ്ങളിലൂടെയും കടന്നു പോയിരുന്നുവെന്നതും അവിശ്വസനീയമായി ഞാൻ കേട്ടിരിക്കും
വിശ്വസിക്കയില്ല ഞാൻ...
കുമിയുന്ന ധനം കൊണ്ട് നിർമ്മിക്കാനാവാത്ത ഒന്നിനെയും ഞാനന്നു വിശ്വസിക്കയേ ഇല്ല
പുഴയായി ജനിക്കണമെനിക്ക് 
പൊയ്‌ പോയ വഴികളിലേക്കൊരു മടക്കമില്ലാതെ
പുതു തീരങ്ങളിലൂടൊഴുകി, തിരകളിൽ ചേർന്ന് ഞാനുമൊരു-
ഉന്മാദിനി തിരയായി കടലിന്റെയാഴങ്ങളെയറിയാൻ....
ചുഴികളിലൂടൂർന്നു വീണു വിസ്മയങ്ങളുടെ
അനന്തതയിലൂടെ കടലെന്തെന്നറിയാൻ...
കടലാവണം നീ...
ഉള്ളിലോളിപ്പിക്കുന്ന സ്നേഹ ചിപ്പിയിലോതുങ്ങാൻ
ജലരൂപിണിയായ് ഇനിയുമൊരു ജന്മം വേണമെനിക്ക്


വിശുദ്ധ
-------------------------
ഞാനിനിയോന്നുറങ്ങട്ടെ...
ഇന്നലെകളുടെ വിഴുപ്പുകൾ ഓർമ്മ പറമ്പുകൾക്കപ്പുറമെറിഞ്ഞു
സ്വസ്ഥതയുടെ പുതപ്പിനടിയിൽ ഞാൻ വിശുദ്ധയാക്കപ്പെടട്ടെ...
ഉദരത്തിലിട്ടേ കൊന്നു ഞാൻ, പെണ്ണെന്നറിഞ്ഞപ്പോഴേ-
ഹൃദയത്തിൽ കൊല കത്തി മൂർച്ചയേറ്റി ഉറപ്പിച്ചതാണ്...
വെളിച്ചമറിയാതെ അവൾ കടന്നു പോവണമെന്നത്...
ഈ ലോകം ഒറ്റപ്പെടുന്നവൾക്കൊരു നരകമാണ്...
പല ഗന്ധങ്ങളിൽ മുഷിഞ്ഞു പോയ ദേഹം-
പല പേരുടെ വിയർപ്പിനാൽ നനഞ്ഞൊട്ടിയ ദേഹം വാർത്തകളിൽ വിറ്റു ജീവിക്കുന്നവരുടെ ലോകം...
സഹതാപ വാക്കുകൾക്കിടയിലും രതി നിർവൃതികളൊളിപ്പിക്കുന്ന കപട വാദികളുടെ ലോകം...
ഞാനുമൊരു ഇരയാണ്... എണ്ണമില്ലാത്ത-
ഉപഭോക്താക്കൾക്ക്‌ മുന്നിൽ വസ്ത്രമുരിയപ്പെട്ടവൾ
ജന്മം തന്ന കടം എന്നെ വിറ്റു തിരിച്ചു പിടിച്ചവരുടെ മകൾ...
മുഖമറിയാത്ത ആരോ എന്നെ തന്നെ അറച്ചു ഞാൻ കിടന്നു കൊടുത്ത
നിമിഷത്തിലെപ്പോഴോ പാകിയ വിത്തിനെ കൊല ചെയ്തു സംതൃപ്തയായവൾ
ഉറക്കമെന്നെ തളർത്തുന്നു...
മകളേ... നിന്റെ പറുദീസയിൽ നീ സുരക്ഷിതയാവുക...
നിന്റെ കൊലയിൽ ഈ അമ്മ വിശുദ്ധയായിരിക്കുന്നു


എന്റെയുള്ളിലൊരു വൃന്ദാവനമുണ്ട്...ഞാനവിടെ രാധയാണ് ... പല കാമിനികളാൽ അനുരക്തനാക്കപ്പെട്ടിട്ടും നീല കടമ്പ് വിടർന്ന പോൽ കരിമേഘവർണ്ണന്റെയുള്ളിൽ പ്രണയമായ് പൂത്ത രാധികയാണ് ഞാൻ കുശുമ്പിൻ വിഷം തീണ്ടി കാളിന്ദിയാക്കപ്പെട്ട മനസ്സിൽ കണ്ണന് നേദിക്കാൻ തുളുമ്പുന്ന തൂ വെണ്ണ കുടങ്ങളൊരുക്കുന്നുണ്ട് ഞാൻ... ഓരോ വസന്തകാലവും കാത്തിരിപ്പിൻറെ കർപ്പൂരമായെരിഞ്ഞു കണ്ണാന്തളി പൂക്കളുടെ മാല കൊരുക്കുകയും, സീമന്ത രേഖ ചുവപ്പിക്കാൻ പ്രണയ സിന്തൂരം കാത്തു വക്കയും ചെയ്യുന്നു
ഞാൻ നോക്കുമ്പോഴവൻ വെണ്‍ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കയായിരുന്നു... പൊടുന്നവേ, ഒരു മലർമൊട്ടു വിടർന്നുണരും പോലെ മേഘ പാളികൾ തുരന്നു തീക്ഷ്ണ പ്രകാശവർഷം പെയ്തിറക്കി പൂർണ്ണകായനായി സൂര്യൻ ഉയര്ന്നു പൊങ്ങിയുദിച്ചു നിന്നു... സ്വർണ്ണ പ്രഭ ചൊരിഞ്ഞെന്നെ വെയിൽ നാമ്പുകൾ കൊണ്ടവൻ ചുംബിച്ചു കൊണ്ടിരിക്കയാണ്... ഇല്ലായ്മകളിൽ നിന്നും അതി ഭാവുകത്വമുള്ള കൗതുകങ്ങളോരുക്കുന്ന ആകാശത്തിനോളം എന്നെ വിസ്മയിപ്പിക്കുന്ന മറ്റൊന്നുമില്ല
ജാലകങ്ങൾ നീ അടക്കാതിരിക്കുക...
ഈറൻ മഴയായി എത്ര രാവുകളിൽ നിൻറെ സ്ഫടിക ജാലത്തിൽ ഞാൻ ഊർന്നു വീണു മടങ്ങുന്നുവെന്നറിയുന്നുവോ നീ...

എനിക്കൊരു ചൂല് വേണം,,,
സ്നേഹത്തിൽ മായം കാണിക്കുന്ന,
ചിരിക്കു പിന്നിൽ ചതിയുടെ വിഷം ഒളിപ്പിക്കുന്ന
നപുംസകങ്ങളുടെ മുഖത്ത് ആഞ്ഞടിക്കാൻ 
പഴകി ദ്രവിച്ച ചാണക ഗന്ധമുള്ള ഒരു കുറ്റി ചൂല്
ചരക്ക്
വിവാഹ മാർക്കറ്റിൽ വില പേശിയുറപ്പിക്കുന്നു ,
പണത്തിനും പൊന്നിനുമോപ്പം വില കുറഞ്ഞവനൊരു പെണ്‍ കളിപ്പാട്ടത്തെ...
വളർത്തു കൂലി പലിശയും, പഠന വായ്പ്പയും ചേർത്ത് ഊറ്റി പിഴിഞ്ഞ് 
മാന്യത ഇല്ലാത്തവൻ ഒരു മാനവുമില്ലാതെ ഇരന്നു വാങ്ങുന്നു സ്ത്രീധനം...
നിന്നിലേക്ക്‌ ഞാനൊരു ചൂണ്ടയെറിയുന്നു
കൂർത്ത മുനമ്പ് കൊണ്ട് നിന്‍റെ ഹൃദയത്തിലൊരു
തുളയിട്ടു എന്നിലേക്ക്‌ നീളുന്ന നൂലിനിപ്പുറം ഞാൻ
നിന്‍റെ രോദനങ്ങൽക് ചെവിയോർക്കും
സ്നേഹത്തിന്‍റെ രുചി ഭേദങ്ങൾ ഇരയായി നിനക്ക്
മുന്നിൽ മോഹിതമായ് നിൽക്കും
ഒരിക്കലും വറ്റാത്ത മുഖപട ജലാശയത്തിലെ പെണ്‍ മത്സ്യങ്ങളെ....
നിങ്ങളുടെ കണ്ഡത്തിൽ കുരുക്കി ഹൃദയത്തിൽ തുളയിടാൻ
ചൂണ്ട കൊളുത്തുകൾ മുങ്ങാങ്ങുഴിയിട്ടു പതിയിരിക്കുന്നു !!
പക
-------------------------------------
ഓരോ രാത്രിയിലും കിനാവിൽ മുഴങ്ങുന്ന ഉറച്ച കാൽ വെപ്പുകളുടെ
ഭീതിത ശബ്ദത്തിനൊപ്പം എന്റെ ഉറക്കത്തിന്റെ നൂലുകൾ അറുക്കപ്പെടുന്നു...
നിഴലിന്റെ നേർത്ത അനക്കങ്ങളിൽ പോലും പേ പിടിച്ച ഓർമകളുടെ
കൂർത്ത നഖമുനകൾ മനസ്സിൽ രുതിര ഗംഗയോഴുക്കുന്നു...
ഇരുളിൽ മുഖം മറച്ചു, തീ തുപ്പുന്ന കണ്ണുകളുള്ളവർ
കുരുതി കളങ്ങൾ തീർത്തു ജീവിക്കുന്ന ജടങ്ങളെയും സൃഷ്ടിക്കുന്നു...
ഒരു ദിനം ഇരുണ്ട് വെളുക്കും മുന്നേ അനാഥത്തിന്റെ ചിതയിലെന്നെ-
എരിയിക്കാൻ മനുഷ്യ രൂപം പൂണ്ട മത കിങ്കിരന്മാർക്കു ആയുധം കൊടുത്ത ദൈവമേത്?
എന്നിലെരിയുന്ന വേദനയുടെ ആഴമളക്കാൻ ആ ദൈവമെവിടെ?
സ്വർഗ്ഗത്തെ നേടാൻ നരകത്തെ സൃഷ്ടിക്കുന്നു ചിലർ...
കണ്ണീരിന്റെ, രക്തത്തിന്റെ നദികളിൽ സ്വർഗ്ഗത്തിന്റെ
കവാടം തുറന്നു കൊടുക്കുന്ന ദൈവങ്ങളുണ്ടെങ്കിൽ മണ്ണിനോട്
ചേർന്നാൽ ചിതൽ തിന്നുന്ന ദേഹമുള്ള ഒരുവൾ നിങ്ങളെ ശപിച്ചിരിക്കുന്നു