Sunday, September 23, 2018

നമ്മുടെയുള്ളില്‍ തന്നെ ഒരു ലോകത്തെ സൃഷ്ടിക്കയല്ലേ സ്വപ്‌നങ്ങള്‍!!! ജീവിതം ഇരുട്ടിന്‍റെ ഒരു കയത്തിലെന്ന പോലെ മൂടിക്കൊണ്ടിരിക്കുമ്പോള്‍ നിദ്രയെന്ന പുതപ്പിനടിയില്‍ നാമെല്ലാം ഉറക്കം നടിക്കുന്നു... അവിടെ ആത്മാവ് സ്വതന്ത്രമാക്കപ്പെടുകയും ശിഥിലമായ ഓര്‍മ്മകളെ സ്വപ്നങ്ങളായി പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്യുന്നു...
ജീവിതത്തോളം മഹത്തരമായതും വികൃതമായതുമായ ഒന്നിനെ ഞാന്‍ കണ്ടെത്തിയിട്ടില്ല തന്നെ...
സ്വപ്നങ്ങള്‍ നാം ജീവിക്കപ്പെടേണ്ട ഒന്നായിരുന്നു.... മങ്ങിയ ഒരു കാഴ്ച്ച മാത്രമായി വിധി അതിനെ ശേഷിപ്പിക്കുന്നു...
ചിലതെല്ലാം വ്യര്‍ത്ഥമാണ്‌ ...
ഒരു കുരുക്കിലെന്ന പോലെ സ്വയം മുറുകി കൊണ്ടിരിക്കാന്‍ അനുവദിക്കുന്ന തികച്ചും വ്യര്‍ത്ഥമായ കൂടിച്ചേരലുകള്‍ ...
ഞാന്‍ ധരിച്ചു വച്ചിരിക്കുന്നതെന്തെന്നാല്‍... മരണം ഒരനുഭവം മാത്രമായിരുന്നിരിക്കണം..
ഒരു രാവു വെളുക്കും പോലെ ജീവിതത്തിന്‍റെ ഒരു പാളി അടര്‍ന്നു വീഴുകയും, പ്രകാശ മാനമായ മറ്റെവിടെയോ മാറ്റമില്ലാത്ത നമ്മെ നാം കണ്ടെത്തുകയും ചെയ്യുന്ന ഇടമെവിടെയോ അവിടെയായിരിക്കും മരണം സ്ഥിതി ചെയ്യുന്നത് ...
ചുവന്ന തുകലുറുമാലു കൊണ്ട്‌
ചെമ്പൻ മുടിയിഴകളേ മറയ്ക്കുന്ന
ജിപ്സി പെണ്ണിന്റെ കൊടും
വനാന്തരത്തെയൊളിപ്പിക്കുന്ന
തവിട്ടു മിഴികൾ...

 ആവനവനോടുള്ള
അടങ്ങാത്ത പ്രണയം കടലിലാളുന്ന
തീ പോലെയാണു....

ഉമ്മൂ... നീയഗ്നിയാണു...
ഇളം ചൂടും ഉപ്പുറഞ്ഞ
തൊലിയനുഭൂതികളുടെ
വന്ന്യതക്കപ്പുറം ആത്മാവിന്റെ
പ്രണയം കണ്ടെത്തിയവളാണു...
നിന്റെ ഭ്രാന്തുകളെത്രയെന്നെ
കുരുക്കിലാക്കുന്നു ..
എന്നിലെക്കുള്ള
വഴികളറിയാതെ ഇരുട്ടിന്റെ പാതയിൽ
ഞാനൊറ്റപ്പെടുന്നു
നിറങ്ങളുടെ
ഗന്ധം മാത്രം ബാക്കിയാവുന്ന
രാത്രികൾ എന്നെ സ്വപ്നാടനക്കാരിയാക്‌­
കുന്നു
സ്വപ്നങ്ങളിൽ നിന്നുണർന്നാൽ മരണം
സംഭവിക്കുന്ന ഒരുവളെ പോലെ
നിന്റെയിരുണ്ട നിറങ്ങളെ ഞാൻ
പിന്നെയും സ്നേഹിച്വ്ഹു പോവുന്നു...
എത്രയകന്നിരുന്നാലും കാൽ വിരൽ തുമ്പുകളെ തേടി വന്നു ചുംബിക്കുന്ന ഉപ്പു കൊഴുത്ത വെൺ തിരകൾ  
കത്തുന്ന ചുവന്ന കാടൊന്നു സൂക്ഷിക്കുന്ന എന്റെ ആത്മാവിലേക്ക് നിന്റെ തീക്കാറ്റിനെ സ്വതന്ത്രമാക്കുക ...
എന്റെയോർമകൾ.....
സൂര്യകാന്തി പാടങ്ങളിലെ സൂര്യനെ പോലെ....

സ്വർണ്ണ നിറമുള്ള ഓർമ്മകൾ...
സുഗന്ധം നിറയുന്ന കാറ്റ്...

ഹൃദയം അത്രമേൽ ആഴമുള്ള ഒരു ഗസലായ് പാടി തുടങ്ങുന്നു
സഖി... നീയത്രമേൽ ആർദ്രമായ് പെയ്തിറങ്ങുന്നു...
നിലാവിനൊപ്പം... ഇരുൾ  മഴക്കൊപ്പം...

സഖീ... നീ....
ഗസലായ്... കിനാവിൻ തൂവലായ്.... വർണ്ണമായ്... അത്രയേറെ ആർദ്രമായ്...

വേറിടും പ്രാണന്റെ ഗീതികൾ...
നിന്റെയോർമ്മകളിൽ പുതുജീവനായ്...

നിലാവെറിയുമീ ഏകാന്ത രാത്രികൾ...
വേദന നിറയുമീ ശൂന്യതയിൽ...
മാത്രമേൽ ആർദ്രമായ് നീ നിറഞ്ഞു പെയ്യുക


കാലങ്ങൾ ഉണങ്ങാമുറിവിനെ
നനവാർന്നൊരീ മഴയാൽ  തലോടിയുണർത്തുമ്പോൾ...
ഈറൻ മിഴിയാലെ നീ... ഓർമകടലിന്നിപ്പുറം നിറഞ്ഞു നിറഞ്ഞു പെയ്യുന്നു


സഖീ... നീ രാത്രിയാവുന്നു...
എന്റെരുളിനെ പ്രകാശമാനമാക്കും
ഒരൊറ്റ നക്ഷത്ര വിരിഞ്ഞ  രാത്രിയാവുന്നു നീ
ഓർമകളെ വകഞ്ഞു വകഞ്ഞൊരാൾ വരുന്നു...

നിഴലുയർന്നു നിൽക്കുന്ന കപ്പൽ ചിത്രമിപ്പോഴും എന്റെ ഏകാന്തതയുടെ കടലിലിറങ്ങുന്നു

ഉപ്പു വരണ്ട തിര തന്നെയാണ് നീ...  മുറിവിനെ തൊടുമ്പോൾ കണ്ണിലേക്കിരച്ചു കയറുന്ന നോവിന്റെ മണൽ കാറ്റ്

ഇരുളേ...കറുപ്പിന്റെ ഇതളുകളെ  കൊണ്ടെന്റെ നഗ്നതയെ പുതപ്പിക്കുക

നിലാവിന്റെ ഉറവ വറ്റി രാവ് നിഴലിലേക്കൊതുങ്ങുമ്പോൾ, സ്വപ്നത്തിന്റെ നിറങ്ങൾ കൊണ്ടെന്നെ ഉണർത്തുക...

ശ്വാസമില്ലായ്മയുടെ ആഴി പരപ്പുകളിൽ വച്ചു നിന്റെ പാദത്തെ ചുംബിച്ചു ഞാൻ പിന്നെയുമുറങ്ങി കൊള്ളട്ടെ
തിരിച്ചു സ്നേഹിക്കാൻ ആവശ്യപ്പെടാത്ത ഒരുവളുടെ സ്നേഹം നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കിൽ ഭയപ്പെടുത്തുന്നുവെങ്കിൽ. നിങ്ങളവളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു
ഉടലിന്റെ സങ്കീർത്തങ്ങൾ... പെരുമഴയിലേക്കിറങ്ങുന്ന പനിച്ചൂട് പോലെ ഞാൻ വിയർപ്പിനും തണുപ്പിനുമിടെ ഉന്മാദത്തിന്റെ കടലാവും
ഉന്മാദ സൂചി മുനമ്പിനാൽ ഓർമ മുറിവുകളെ തുന്നിയുറപ്പിക്കുന്നൊരു പെണ്ണൊരുത്തി


നീയെന്നൊരോർമ്മ കൊണ്ട് ഉത്സവമാവുന്ന ഞാൻ...


രാത്രിയിൽ പിന്നെയും
നിന്നെക്കാത്തിരിക്കുമ്പോൾ
തണുത്ത കാറ്റ് മഴയാകുന്നു.


ജീവിതങ്ങൾ വികലമാക്കപ്പെട്ട പുസ്തകകെട്ടുകളെന്ന പോലെ ചിതറി വീഴുന്നു

അതേ മുറിവുകളെ തന്നെയാണ് ഓർമകളെന്ന് വിളിക്കപ്പെടുന്നത്

അതെ, മുറിവുകളെ തന്നെയാണ് ഓർമകളെന്ന് വിളിക്കപ്പെടുന്നത്
നോക്കിയിരിക്കെയാണ് എന്റെ പ്രതിഭിംബം തകർന്നു വീണത്. വിഷാദത്തിന്റെ കടൽ മൂടി ഉപ്പു രുചിച്ചു നനഞ്ഞ മണലിൽ, വെയിലിൽ ഞാൻ കിടന്നു. തിര തൊട്ടു പോവുമ്പോഴെല്ലാം വേദനയുടെ ഇരമ്പം ഉയർത്തിരുന്നു.

ഭ്രാന്തിന്റെ ഏറ്റവുമിറുക്കമുള്ള ചങ്ങലകളെ കൊണ്ട് ചേർത്തു കെട്ടി, കഴിഞ്ഞ  കാലത്തിന്റെ വ്യഥകളിൽ ഞാൻ വീണ്ടും കുരുക്കിയിടപ്പെടുന്നു. നിര  തെറ്റി പോവുന്ന അക്ഷരങ്ങളെ പോലെ, ഉറക്കത്തെയുലക്കുന്ന ഭീതിത സ്വപ്നങ്ങളെ പോലെ ജീവിതം എന്നെ ഒറ്റപ്പെടുത്തുന്നു.

നീ സ്നേഹത്തിന്റെ വന പ്രദേശമാണ്. വിഭ്രാന്തിയുടെ ആരവങ്ങളിൽ കൂർത്ത നഖങ്ങളെ കൊണ്ടും മൂർച്ചയേറിയ വാക്കുകളെ കൊണ്ടും വീണ്ടും വീണ്ടും മുറിവേൽപ്പിച്ചും നീയിങ്ങനെ പച്ച പുതച്ച കാടാവുന്നതെങ്ങിനെയാണ്.