Sunday, August 31, 2014

ചില നഷ്ട്ടപെടലുകൾ...

പ്രണയത്തിന്റെ നറും ഗന്ധമവൾ നുകരുമ്പോൾ ,
തൃകണ്ണ് കൊണ്ടവൻ നഗ്നത മാത്രമറിയുന്നു...

സാന്ത്വനത്തിന്റെ തണൽ തേടുന്ന മകളിൽ-
തൃഷ്ണയുടെ അതിരിൽ സ്വയം നഷ്ട്ടപെടുന്ന പരുഷ മുഖമായി "അച്ഛൻ"

പെണ്ണുടലിൽ ശിഷ്യയെ അറിയാതെ,  ഭോഗ പാത്രം തിരയുന്ന ഗുരു...

ലോകമൊരു ചുവന്ന തെരുവായ് ചുരുങ്ങുന്നു...
നഷ്ട്ടപെടലുകളേറുന്നു, തിരയുന്നതൊരു മനുഷ്യ  മുഖമാണ് ...
വിക്രതമാക്കപെട്ട മനസ്സുകൾ മാത്രമാണ് തെളിയുന്നതോക്കെയും...
നിനക്കും എനിക്കുമിടയിൽ നിലച്ചു പോയ അരുവിയുടെ അവശേഷിപ്പ് പോലെ സ്നേഹത്തിന്റെ ചെറിയൊരു ജലശയ്യ വരണ്ടു കിടപ്പുണ്ട്... തികച്ചും നിരർത്ഥകമായ ഒന്ന്... നരച്ചു പോയൊരു കിനാവിൽ പിന്നെയും ഞാൻ നിറങ്ങൾ തേച്ചു മിനുക്കാൻ നോക്കി പരാജിതയായി... എന്നിട്ടും ഓരോ രാവിലും പ്രണയത്തിന്റെ നിലാനദി തുഴഞ്ഞു നിന്റെ നിദ്രയോളം വന്നു ഞാൻ തിരിച്ചു പോരുന്നു..

Tuesday, August 26, 2014

രണ്ടു തട്ടിൻപുറമുള്ള ആ വീടിനു ചില നിഗൂഡതകളുണ്ടെന്നു എന്റെ കുട്ടി മനസ്സിൽ തോന്നിയിരുന്നു...
ചങ്ങല കരഞ്ഞു ഒരാട്ടുകട്ടിൽ പാതി ഇരുട്ടു മൂടിയ ആ കുഞ്ഞു അകത്തളത്തിൽ എല്ലായ്പ്പോഴും ആടി കൊണ്ടിരുന്നു...
ഇടുങ്ങിയ മരക്കോണിയും രണ്ടടിയോളമുള്ള കുഞ്ഞു വരാന്തയും കടന്നാൽ പിന്നെ അലങ്കാരത്തിന്റെ ഒരു വേറിട്ട ലോകം കാണാം...
മഞ്ഞും, നിലാവും കലർന്ന ഗന്ധർവ രാത്രിയെ പോലെ മഞ്ഞ നിറമാർന്നു ആ മുറിക്കെപ്പോഴും.... അരണ്ട മഞ്ഞ വെളിച്ചത്തിൽ  നിറയെ അത്ഭുതം നിരക്കുന്ന കാഴ്ചകൾ... പല വർണ്ണ കുപ്പിവള തുണ്ടുകൾ പിണർന്നുണ്ടാക്കിയ ചില്ലു മാല ആ ചുമരിനോട് ചേർന്ന് പടര്ന്നു കിടക്കുന്നുണ്ടായിരുന്നു... നേർത്ത സുഗന്ധത്തിൽ പട്ടുവസ്ത്രങ്ങളുടെ ഒരു കുഞ്ഞലമാര... അടുക്കിവച്ച പുസ്തകങ്ങളും, പല നിറങ്ങളിൽ സ്ഫടിക വളകൾ.... ചുവരിൽ നന്മയുടെ ചില ചിത്രങ്ങൾ... ജനാലക്കപ്പുറം  തലയെടുപ്പോടെ പച്ച മരക്കൂട്ടം ... പല രാത്രികളിലും കനത്ത ചെമ്പക സുഗന്ധം കൊണ്ട് ആ മുറി നിറയാറുണ്ടായിരുന്നു... അത്രയ്കും ഗൃഹാതുരവും, സൗന്ദര്യവുമുള്ള ഒരു മുറിയും ഞാൻ പിന്നെ കണ്ടിട്ടില്ല... അതിന്റെ ഉടമസ്ഥയുടെ വിവാഹ ശേഷം അനാഥമാക്കപെട്ട പെട്ട ആ മുറി ഒരു ശ്മശാനം പോലെ തോന്നിച്ചു...  ചിതറിയ വള പൊട്ടു പോലെ കിടന്ന ആ മുറി എന്റെ ഉള്ളിൽ ഒരു നീറ്റലായി കുറെ കാലം കിടന്നു....എന്നോ ഒരിക്കൽ സൗന്ദര്യം ജ്വലിച്ചു നിന്നിരുന്ന ആ മുറിയും ആട്ടു കട്ടിലും ഉൾപെടെ പലതും പരിഷ്ക്കാരത്തിന്റെ കടന്നു വരവിൽ തകർക്കപ്പെട്ടു.... ആലിപ്പഴം വീഴുന്ന ആ ഓടിൻ പുറമുള്ള വീട് ഇന്നും ഓർമകളുടെയും, സ്നേഹത്തിന്റെയും വറ്റാത്ത കലവറയായി എന്റെ ഉള്ളിലവശേഷിക്കുന്നുണ്ട്

Monday, August 25, 2014

മനസ്സ് അസ്വസ്ഥതയുടെ കൊടുമുടി താണ്ടുമ്പോഴും ചിരിക്കാൻ പഠിക്കയാണ് ഞാൻ... കഥനം മുഴുവൻ അപ്പൂപ്പൻ താടി പോലെന്റെയുള്ളിൽ അലയാൻ വിട്ടു കൊടുത്തൊരു- ജീവനില്ലാത്ത ചിരി അണിഞ്ഞു ലോകത്തെ മുഴുവൻ വഞ്ചിക്കാൻ ... ഏകാന്തത നിറഞ്ഞ എന്റെ മാത്രം ലോകത്ത് ശബ്ധമില്ലതെ തേങ്ങി കരഞ്ഞുറങ്ങി മരിച്ചു , പിന്നെയും പുലരികളിൽ ഒരു പറവയെ പോലെ പിറവിയെടുക്കുന്നു, മനസ്സുകളില്ലാത്ത മുഖങ്ങളുടെ ലോകത്തേക്ക്

Saturday, August 23, 2014

കെടുന്ന മണവുമായി ഇരുളിൽ ആടിയുലഞ്ഞൊരു കവുങ്ങു തടി പോലെ ഞാൻ വീടണയുമ്പോൾ 
പുലി ജന്മമായി നഖം കൂർപ്പിച്ചവൾ എന്റെ ദേഹം വരഞ്ഞു ചോര പൊടിച്ചു...
രാത്രി നീളെ കണ്ണീരോഴുക്കി കനത്ത വേദനയുടെ വാക്കുകൾ കൊണ്ടവളുടെ കഥനം എന്നോട് പറയുമ്പോൾ, 
കള്ളിന്റെ ലഹരി നിറഞ്ഞ ഞരമ്പുകളൊക്കെയും നിദ്രയുടെ ആഴങ്ങളിൽ ഊളിയിടുകയാണ് ...
എരിയുന്ന കരിന്തിരിപോലെ പുലരിയിലും മിഴിവാർക്കുന്നുണ്ടവൾ... 
സാന്ത്വനത്തിൽ പൊതിഞ്ഞൊരു സത്യമവളുടെ നെറുകിലിട്ടു 
ആവേശം അണയാതെ എന്റെ കാലടികൾ പിന്നെയും ലഹരി തേടി വരമ്പുകൾ താണ്ടുന്നു
മനസ്സൊരു നനഞ്ഞ തൂവൽ പോലെ വീണു കിടക്കുന്നു...
നിന്റെ ഓർമകളുടെ പതു പതുത്ത നിലത്ത്-
കണ്ണീരിന്റെ നദി ഉറഞ്ഞ മിഴികളുമായി നിദ്ര തേടി ഞാൻ ഇരിക്കുന്നു...
നിലക്കാതെ നിന്റെ സംഗീതം മുഴങ്ങുന്നുണ്ട്, കണ്ണടക്കുമ്പോഴെല്ലാം തെളിഞ്ഞു-
വരുന്ന തവിട്ടു നിറമുള്ള കണ്ണുകളുടെ പ്രകാശം...
നിന്റെ മൗനവും, നിന്നോടുള്ള അടങ്ങാത്ത സ്നേഹമുദിച്ചു നിൽക്കുന്ന ഈ  രാവും എന്നെ അശക്തയാക്കുന്നു...

Friday, August 22, 2014


മുഷിഞ്ഞു തുടങ്ങിയ പ്രണയം ബാധ്യതയാണ് ...
നിന്നിലേക്കുള്ള വഴികളെല്ലാം മൗനത്തിന്റെ മതില് കൊണ്ട് നീയടച്ചു ....
നിനച്ചിരിക്കാത്ത നേരം , നീട്ടിയെറിഞ്ഞ ഭിക്ഷ പോലെ നിന്റെ ഒരിറ്റു സ്നേഹം , എന്നിട്ടും അതെന്റെ മനസ്സ് നിറക്കുന്നു...
നിലാവിന്റെ ഇതളൊക്കെയും കൊഴിഞ്ഞു ഇരുൾ മൂടി എന്റെ രാവനാഥമാക്കപെടുമ്പോൾ നിന്റെ വാക്കിന്റെ വെളിച്ചം തേടി ഞാനലയുന്നു
സ്നേഹിക്കയില്ലിനിയെന്നു വാശി പിടിച്ചിട്ടും, പ്രാണനിൽ വരച്ച നിന്റെ മുഖമോർത്തെന്റെ മനസ്സുലയുന്നു...
...ഇനി നീ മടങ്ങില്ലയെങ്കിലും , മരണം വരേയ്ക്കും നിന്നെ മാത്രം നിനച്ചൊരു മുറിഞ്ഞ ഹൃദയം കാത്തിരിക്കും ...

ഉറങ്ങുവാണെന്നാണു ഞാൻ ധരിച്ചത്...
ശാന്തമായി, ശ്വാസത്തിന്റെ നേർത്ത താളം പോലുമില്ലാതെ,ഏറെ സന്തുഷ്ട്ടയായി..
അറിയാതെ ഉതിർന്നു വീണ ഉടയാട പോലെ ഉലഞ്ഞു തളർന്നു കിടക്കുന്നു എന്റെ ദേഹം 
ഇരുളിന്റെ വളയമിട്ട മിഴികളിപ്പോഴും തുറക്കനെന്ന പോലെ പാതി കൂമ്പിയിരിക്കുന്നു 
ലവലേശം രക്ത രാശിയില്ലാത്ത ചുണ്ടുകളിലിപ്പോഴും പറയാൻ തുനിഞ്ഞൊരു വാകിന്റെ തുമ്പ് തങ്ങി നിൽപ്പുണ്ട്
ഓർത്തെടുക്കാൻ കഴിയാത്ത ഭൂതകാലത്തിലെ ബന്ധനങ്ങളെന്നു തോന്നിക്കും മുഖങ്ങൾ -
ചുവന്ന കവിളും, കലങ്ങിയ കണ്ണുകളുമായി എനിക്കു ചുറ്റിലും കണ്ണീരിന്റെ ചൂടും, വിലാപത്തിന്റെ മരവിപ്പും നിറക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു...
കനത്ത മഞ്ഞിലൂടെന്ന പോലെ കാഴ്ചകളെല്ലാം നനഞ്ഞു മങ്ങിയിരിക്കുന്നു 
വഴിയറിയാതെ നഗരത്തിലൊറ്റപെട്ടവളെ പോലെ ഞാനസ്വസ്ഥ യാവാൻ തുടങ്ങിയിരിക്കുന്നു....
നിലാവിറങ്ങി വരും പോലൊരു കാഴ്ചയെന്റെ കണ്ണിൽ നിറയുന്നുണ്ട്, മരവിച്ചു മരമായ കൈകളിൽ നേർത്ത ചൂട് പടർന്നു ഞരമ്പുകൾ പിന്നെയും പച്ചയിലേക്ക്...
പറക്കാൻ ചിറകു കിളിർക്കുന്നതു കിനാകണ്ട ഞാൻ വേരിറങ്ങിയ ഭൂമിയുടെ ഉള്ളറകളിലേക്ക് തെന്നിയിറങ്ങുകയാണ്...
കേട്ടറിഞ്ഞ സ്വർഗ്ഗത്തെക്കാളുമേറെ, പറഞ്ഞരിയിക്കാനാവാത്തൊരു സുന്ദരലൊകമെന്റെ മുന്നിൽ...
ഒരു നിമിഷം... ഓർമയുടെ വെളിച്ചം വീശാൻ തുടങ്ങി... എന്റെ ലോകം, നാഥൻ , കുഞ്ഞുങ്ങൾ, കുരുന്നു ചെടികൾ, അമ്മ ...
തിരിച്ചു നടക്കാനാവാത്തൊരു വിദൂര സ്വപ്നം...
വേദനയോടെ തിരിച്ചറിയുന്നു ഞാൻ... നരകമെന്നാൽ ആശിച്ചതെല്ലാം ആവോളം തന്നു ഏകാന്തതയുടെ ലോകത്തിൽ നാം തളച്ചിടപ്പെടുകയെന്നതാണെന്ന്

Thursday, August 21, 2014

ഒരാർത്ത നാദത്തോടെ ഉള്ളു പുഴുകി മഴക്കൊപ്പം ഒരു മാവ് വീണു...
മാമ്പു ഗന്ധമുള്ളോരു കാറ്റ് വീശികൊണ്ടിരിക്കയായിരുന്നു ചുറ്റിലും...
ചിതറിയ കണ്ണി മാങ്ങകളിൽ ചിലത് നോവ്‌ കൊണ്ടെന്ന പോലെ പിളർന്നു പോയിരുന്നു...
വീടിനോട് തൊട്ടു തണലായി നിന്നിരുന്നവൾ , ഊഞ്ഞാലിന്റെ ഊക്കിനൊപ്പം ഇളകിയാടി -
എന്നിൽ തണുപ്പാർന്നൊരു കാറ്റായിരുന്നവൾ
മണ്ണ് കൊണ്ടോരൊരു കൊട്ടാരം തീർത്തതും , മണ്ണപ്പം വിളമ്പിയതും അവളുടെ തണലിലായിരുന്നു
പച്ചില കൊണ്ട് കിരീടം ഉണ്ടാക്കി കളിച്ചതെല്ലാം ഉപ്പു മാങ്ങ പോലെ ഇന്നും ഓർമയിൽ വെള്ളമൂറി നിൽക്കുന്നു...
 ഇന്ന് ദ്രവിച്ച വേരടർന്നു നീ വികൃതയായി നിവർന്നു കിടക്കുമ്പോൾ, അറിയുന്നു ഞാൻ...
നീയെനിക്കു വെറുമൊരു മരമാല്ലായിരുന്നു...
സഖിയായിരുന്നു...
ചില നേരം, ചൂളമടിച്ച കുസൃതി കാറ്റിനൊപ്പം ഇല പൊഴിച്ചെന്നെ സ്നേഹിച്ചവൾ
എന്റെ കളിയിലും കണ്ണീരിലും തണലായി നിന്നവൾ
ചിതലായി നീ മറഞ്ഞാലുമെന്റെയുള്ളിൽ നിലക്കാതെ നിന്റെ ഓർമയുടെ ചില്ലകളുലയും 

Wednesday, August 20, 2014

നമ്മൾ പേടിക്കണ ഒരു ആളെ നമുക്ക് സ്നേഹിക്കാൻ പറ്റോ? എന്നെ കൊണ്ട് പറ്റില്യ. സ്കൂളിൽ പഠിക്കുമ്പോ കണക്ക് ടീച്ചറെ നിക്ക് പേടിയാർന്നു, അതോണ്ട് തന്നെ  അന്നും ഇന്നും നിക്ക് കണക്ക് അറിയേം ഇല്ല്യ , ഇഷ്ടോം ഇല്ല്യ... അപ്പൊ പറഞ്ഞു വന്നതെന്തച്ചാ
നമ്മൾ വിശ്വസിക്കണ ദൈവത്തിനെ പേടിക്കാൻ കുറെ പേരായി പറയാണു... അതെങ്ങനാ പടച്ചോനെ പേടിക്കാ?
 പടച്ചോനോട് നിക്ക് സ്നേഹം ഉള്ളു, നമ്മൾ കരയുമ്പോ നീ കുറച്ചൂടെ വേദനിക്ക്ന്ന് നമ്മളെ സ്നേഹിക്കണ ആരേലും പറയോ ഇല്ല അത് പോലെ തന്നല്ലേ പടച്ചോനും. പേടിപ്പിക്കണ ഒരു പടച്ചോനെ വിശ്വസിക്കാൻ എന്നെ കൊണ്ട് പറ്റില്ല്യ ... വേറെ ഏതു വികാരത്തെക്കാളും ശക്തി സ്നേഹത്തിനുണ്ട് വിശ്വസിക്കണ ആളാ ഞാൻ, അതോണ്ട് ഭീകരൻ ദൈവത്തിനെ ഇഷ്ടള്ളോരോക്കേം അങ്ങനെ പൊക്കൊ ഞമ്മടെ പടച്ചോനെ ഞമ്മൾ സ്നേഹിച്ചോളാം 

Tuesday, August 19, 2014

തവിട്ടു നിറമാർന്ന നിന്റെ കണ്ണുകളെന്റെ കിനാക്കളൊക്കെയും കവർന്നെടുത്തു... തിരികെ നല്കു എന്റെ നിദ്രയെങ്കിലും

മൊഹബത്തിന്റെ ജിന്ന് വിളിക്കണ്... ദഫ്ഫു കൊട്ടണ ഖൽബ്... ജന്നം ജഹന്നമാക്കല്ലേ റബ്ബേ...


നിറമുള്ളോരു വാക്കെനിക്കു വേണം,
ഹൃദയത്തിൽ നിന്റെ മുഖം വരഞ്ഞിടാൻ


പുണർന്നു നില്ക്കുന്നുണ്ടെന്നെ, മല മുകളിൽ നിന്നും കിതച്ചു വന്നൊരു കാറ്റ്...

മനസ്സിലൊരു മന്താരം പൂവിട്ടിരിക്കുന്നു... പ്രണയം മൂളിയൊരു കരിവണ്ടെന്നെ തേടുന്നുണ്ട്

ഉള്ളുരുകി ഒരു രാത്രി കൂടെ കടന്നു പോവുന്നു... കാത്തിരിപ്പിന്റെ വെളിച്ചമണഞ്ഞു... ഞാൻ പോകയാണ് നിന്റെ കിനാവിലേക്കില്ലിനി...

സ്വരം തേടിയലയുന്നു,
നിന്റെ നിശബ്ദ തീരങ്ങളിൽ
ചിറകു തളർന്നൊരു വാനമ്പാടി


ജനിക്കണമിനിയും 
ഞാനായി ജീവിക്കാൻ 
മതങ്ങളുടെ വേലികളില്ലാത്തൊരു ലോകത്ത്



മധുരം നിറഞ്ഞൊരു ശമനതാളം...
ഹൃദയം നിറച്ച് നിന്റെ മൂളിപാട്ട് നിലക്കാതെ


മേഘം മറച്ചൊരു ചന്ദ്രൻ എനിക്കായിന്നും നിലാവ് പൊഴിക്കുന്നുണ്ട്


കവിത മൂളുന്നുണ്ടൊരു കാട്... പുഴയും താണ്ടി വന്ന അലസനായൊരു കാറ്റ് തലോടുമ്പോൾ

ഓടിയോടി തളരുന്നുണ്ട് മനസ്സും, മേനിയും... ഇനിയുമെന്തെ കുറയാതെ ഈ തടിച്ചി പെണ്ണ്


മഞ്ഞിന്റെ നനവാർന്നോരീ രാവ് കാത്തിരിപ്പിന്റെയാണ്... കേൾക്കാതെ പോയാലും , നീ വരും വരെക്കുമെന്റെ ഹൃദയം മുറിവേറ്റു പാടും...


കുതറുന്നു പ്രവാസം ഉള്ളിലൊരു സ്വാതന്ത്ര കൊടി പാറുമ്പോൾ


വാർമുകിലായ് ഒരു ജന്മം കൂടെ... നിന്റെ നെഞ്ചിലൊരു മഴയായ് പെയ്തു വീണു മരിക്കാൻ


സൂര്യനായ് നീ ഉദിച്ചു നില്ക്കുന്നു എന്റെ ആകാശം നിറയെ... കിരണങ്ങളേറ്റു ഞാൻ ഉരുകുമൊരു മഞ്ഞു തുള്ളിയായ് അലിയുന്നു വീണ്ടും...

മൈലാഞ്ചി മണക്കും, കരി വളകൈകൾ ഇന്നും ഓര്മയുടെ പിന്നാമ്പുറങ്ങളിൽ വന്നെന്റെ കണ്ണ് പൊത്തുന്നു


മഞ്ഞു പെയ്തൊരു രാത്രി മരവിച്ചുറങ്ങുന്നു ... നിഴൽ വീണ വഴി നോക്കി സുറുമ വരച്ച മിഴികൾ... അവൻ വരും


ഉരുളി കമഴ്ത്തി ഉണ്ടായവന്, ഉരുള വച്ച് കൈ കൊട്ടി ഒരമ്മ


അവളുടെ കണ്ണിലുണ്ടൊരു കാന്തം, വലിച്ചു കൊണ്ടുപോവുന്നുണ്ടെന്റെ നോട്ടങ്ങളൊക്കെയും


സ്വപ്നം കൊണ്ട് വരച്ച പോലെയൊരു മഴവില്ലുദിച്ചിരിക്കുന്നു-മഴയുടെ ശ്രുതിയും, മണ്ണിന്റെ മണവും... ആത്മാവിലേക്ക് പെയ്യുന്നു ലഹരിയുടെ പേമാരി ..


വിഭ്രാന്തിയുടെ വേലിയേറ്റത്തിനോടുവിൽ സിരകളിൽ വൈദ്യുതത്തിരകള്‍, പിന്നെ ഇരുളിന്റെയൊരു മഹാസമുദ്രം...

അകലെയെവിടെയോ കടലിരമ്പുന്നുണ്ട്, ഒരമ്മയുടെ കണ്ണീരിന്റെ കാണാകടൽ...

വർണ്ണ മഴ പെയ്യൂന്നു ... ഒരൊറ്റ നിറമുള്ള മാരിവില്ലായി നീ വാനം നിറയെ...

കൊയ്തെടുക്കാനാവുമോ, എന്നിൽ നീ വിതച്ചു പോയ നിമിഷങ്ങൾ വിളയിച്ച ഓർമയുടെ കതിർപ്പാടങ്ങളൊക്കെയും...


***ഓർമയിൽ മൈലാഞ്ചി കൈകളും, തക്ബീറിന്റെ താളവും,
ഉമ്മച്ചിയുടെ ചിരിയും, സ്നേഹം നിറഞ്ഞ ഒരു ഉരുള ചോറും...
പെരുന്നാള്‍ ആശംസകൾ..***


മതം കൊണ്ടൊരു വേലി കെട്ടി നീയെന്റെ സ്വപ്നങ്ങളെ പുറത്തു നിരത്തിയിരിക്കുന്നതെന്താണ് ?



മലമുകളിൽ നിന്നും വീണു മരിക്കുന്നോരരുവി...
ചിതറി തെറിച്ചിട്ടും പ്രണയാതുരയായി ഒഴുകി അലയുന്നുണ്ടവളൊരു കാണാകടല് തേടി...



കരളിലിപ്പോഴും മായാതെ കിടപ്പുണ്ട് പെണ്ണെ... കാൽ വിരൽ കൊണ്ട് നീ വരഞ്ഞിട്ട വട്ടം



നിദ്രയിൽ പോലും, പ്രണയം തുളുമ്പുമൊരു കിനാവല്ലരി പോലെ പുണരുന്നെന്നിൽ നിന്റെ ഗന്ധർവ സംഗീതം...



ഒരു പെട്ടീം, കുറെ പൊട്ടിയ സ്വപ്നങ്ങളും... പ്രവാസി






















Monday, August 18, 2014


"ഏതോ ജല ശംഖിൽ കടലായ് നീ നിറയുന്നു "

ഓരോ തവണ കേൾക്കുമ്പോഴും എന്നെ ഉന്മത്തയാക്കുന്നു ഈ ഗാനം ...
ഈ പാട്ടെനിക്ക് നല്കുന്ന അനുഭൂതി എത്രയെന്നു ഒരു വാക്കിനും എഴുതി തീര്ക്കാനാവില്ല... അത്ര മാത്രം ലഹരിയാണ്...
ചിലപ്പോൾ, ഒരു കടൽക്കരയുടെ സിന്ദൂരം മാഞ്ഞു നിലാവ് പെയ്യുന്നത് ഞാൻ തനിയെ നിന്ന് കാണുന്നത് പോലെയും ,
എനിക്ക് വേണ്ടി ഹൃദയം നിരഞ്ഞൊരുവൻ മഴ നനഞ്ഞു പാടുന്നത് പോലെയോക്കെയും... അങ്ങനെയങ്ങനെ ...
ആദ്യമായി ഈ പാട്ട് കേട്ട നിമിഷം ഞാൻ കാരണമില്ലാതെ മനസ്സ് നിറഞ്ഞു കരഞ്ഞു,  സ്നേഹം എന്റെ ഉള്ളിലേക്ക് ഊറി ഇറങ്ങുന്നത് ഞാൻ അറിയാൻ തുടങ്ങുകയായിരുന്നു...  ഇന്നും അടക്കാനാവാത്ത ഒരാനന്ദം ഈ ഗാനം എന്നിൽ നിറക്കുന്നു


http://www.youtube.com/watch?v=0wKraaq3U2Q

  -ഓർമ്മ ചിത-
എരിഞ്ഞു തീർന്ന ചില ഓർമ്മച്ചിത്രങ്ങൾ

ഒരിക്കൽ കൂടെ ആർത്തലച്ചു കരയണം എന്നവല്ക് തോന്നി... ഓർമ്മകൾ തികട്ടി വരുമ്പോഴൊക്കെ കണ്ണും മനസ്സും കൂടുതൽ കൂടുതൽ തിരക്കുകൾ തേടി ഓടാൻ തുടങ്ങും. അത്ര മാത്രം കഴിഞ്ഞ കാലത്തെ അവൾ വെറുത്തു കഴിഞ്ഞിരുന്നു. എന്നിട്ടും ഇപ്പോ കരഞ്ഞേ തീരു, എങ്കിൽ മാത്രമേ ഉള്ളിൽ ഉറയ്ക്കുന്ന വേദന ഉരുകുകയുള്ളൂ എന്നവല്ക് തീർച്ചയായിരുന്നു... പക്ഷെ എങ്ങിനെ തന്റെ കണ്ണുകളിത്ര മാത്രം വരണ്ടു പോയെന്നു അവള്ക്ക് മനസ്സിലാവുന്നില്ലായിരുന്നു... മനസ്സ് അലറി വിളിച്ചു കരയുമ്പോഴും, ഇളം റോസ് നിറത്തിൽ ഒരു ജീവനില്ലാത്ത ചിരി അവൾ ചുണ്ടിൽ തേച്ചു വച്ചിരുന്നു...

കഴിഞ്ഞ കാലത്തിൽ നിന്നും മാത്രമല്ല അവളുടെ ഓർമ്മകൾ തങ്ങി നില്ക്കുന്ന എല്ലാ വഴിയോരങ്ങളും ഉപേക്ഷിച്ച് തികച്ചും പുതിയൊരു മനുഷ്യനായാണ് പുതിയൊരു ലോകത്ത് അവൾ എത്തിയത്... ഏറെ അസ്വസ്ഥതയോടെ അറിയാത്തോരാൾക്ക് തന്റെ ശരീരത്തെ വിൽക്കപെട്ടൊരു ദിനം, അതെന്നാണെന്ന് ഓർത്തെടുക്കാനവുന്നില്ല. പണം അച്ഛന്റെ ജീവന്റെ വിലയായ നിമിഷം ശരീരം വെറും ഒരു മാംസമാണെന്ന് മനസ്സാക്ഷിയെ ധരിപ്പിച്ചു... കാമം കൊണ്ട് വിശന്ന ഏതോ ഒരു ചെന്നായക്ക് മുന്നിൽ സ്വയം വേശ്യയായി...കൊടുംകാറ്റു പോലെ ഒരു കാക്കി പടയുടെ വരവറിഞ്ഞു...  വെറും 30 നിമിഷം കൊണ്ട് കാക്കിയുടുപ്പിന്റെ നേരും, ചൂരും അറിഞ്ഞു... അറിയാത്ത പല മുഖങ്ങളും തന്നെ ആസക്തിയോടെ മാത്രം നോക്കി തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഓടിയൊളിക്കാൻ തുടങ്ങി കണ്ണാടിയുടെ മുന്നില് നിന്ന് പോലും ഒളിച്ചു നടന്നു...

പിന്നെയെപ്പോഴോ ജീവിതം വച്ച് നീട്ടിയൊരുവൻ കടന്നു വന്നു... വഴികളെല്ലാം അവനിലെക്കാവസനിച്ചപ്പോൾ, ജീവിതത്തിൽ ആദ്യമായി പ്രണയം പൂക്കാൻ തുടങ്ങി...  വെരുകിനെ പോലെ മനസ്സ് പലപ്പോഴും ഓർമകളുടെ പടിപ്പുര വരെ പോയി തിരികെ ഓടി വരുമായിരുന്നു, നഷ്ടമാകുമെന്ന ഭയം അവളെ ഭീരുവും, ഒരു വലിയ രഹസ്യത്തിന്റെ കാവൽക്കാരിയുമാക്കി... പക്ഷെ ഇന്ന് ഈ നിമിഷം എല്ലാം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു... പെണ്ണ് കാണലായിരുന്നു...കൊമ്പൻ മീശയും, ചോര ഞരമ്പോടുന്ന കണ്ണുകളും... ഒരു നിമിഷം ശിലയായി നിന്നു... തിരിഞ്ഞു പോലും നോക്കാതെ തന്റെ സ്വപ്നങ്ങലോകെയും വാരിയെടുത്ത്  ജീവിതം കടന്നു പോവുന്നു...  ഈ നീണ്ട മരവിപ്പിൽ നിന്നും ഉണരാൻ ഒരിറ്റു കണ്ണീരെങ്കിലും... ഇല്ല,അതും നിഷേധിക്കപ്പെട്ടവയുടെ കൂടെ കടന്നു പോയിരിക്കുന്നു....


നിശബ്ദതയുടെ ലോകമായി ചില നേരം നീ മാറുമ്പോൾ, ഭ്രാന്തൻ കാറ്റായി എന്റെ മനസ്സ് നിന്നെ തേടി അലഞ്ഞു അവശയാവുന്നു... പൊടുന്നനെ തിര പോലെ എന്നിലേക്ക്‌ മടങ്ങിയെത്തുമ്പോൾ പൂഴി നിറഞ്ഞ വെണ്ണ ശംഖു പോലെ ഞാൻ നനഞ്ഞു നില്ക്കും... സ്വപ്നങ്ങളെ പോലും ഏറെ അകലെ ഉപേക്ഷിച്ചവൾക്കാണു സ്നേഹം കൊണ്ട് നീ ജീവൻ തന്നത്... അസ്വസ്ഥയുടെ നിമിഷങ്ങളിൽ ഒരു സന്യാസിനിയെ പോലെ മിഴികൾ കൂമ്പിയടച്ചു നിന്റെ മുഖം ഞാൻ എന്റെ ഹൃദയ രക്തം കൊണ്ട് വരച്ചു തീർക്കും... ജീവിതം പിന്നെയും ഹരിതമാവുന്നതും, ഇരുലടന്ഹ്ജ ആകാശം പ്രകാശമാനമാവുന്നതും ഞാൻ അറിയാൻ തുടങ്ങുമപ്പോൾ...
നാട്ടിൽ ആരുന്നേൽ ഞാനിന്ന് പടമായേനെ... പത്രത്തിലും വന്നേനെ...
ഇവിടെ പെണ്ണിന് കിട്ടുന്ന സുരക്ഷിതത്വം ഒരു സംഭവം തന്നെയാണ്...
അപ്രതീക്ഷിതായി മെട്രോ പണി മുടക്കിയപ്പോ ആദ്യം പേടി ഉണ്ടായെങ്കിലും മലയാളിയായ ഒരു ഇക്കാക്ക തന്നെ പറഞ്ഞ വാക്കുണ്ട് നമ്മടെ നാട് പോലല്ല ധൈരായി പൊയ്ക്കോ... വഴി അറിയാണ്ടുള്ള യാത്ര ആരുന്നെങ്കിലും ശരിക്കും ആസ്വദിച്ച ഒരു വൈകുന്നേരം തന്നെ ആരുന്നു ഇന്നലത്തെത്... മനസ്സ് നിറഞ്ഞു തന്നെ പറയട്ടെ ... i love Dubai more 
ഒരിക്കൽ ഗുരുവായൂർ എന്ന ന്റെ ദേശത്തെ എന്തുകൊണ്ടോ ഞാൻ ഇഷ്റ്റപെട്ടില്ലാർന്നു... മൈലാഞ്ചി കാടുകളും, പാലപ്പൂ ഗന്ധമുള്ള ഇടവഴികളും, പാമ്പിൻ കാവിന്റെ ഒത്ത നടുവിലെ പൊട്ടകിണറും, വെള്ളം ചുറ്റപെട്ട ന്റെ കുഞ്ഞു വീടും, അധികമെവിടെയും ഇല്ലാത്ത കാഴ്ചകൾ നിറച്ച നാട് എപ്പഴോ ന്റെ ഉള്ളിൽ വല്ലതോരിഷ്ടം നിറച്ചു... അകലെയിരുന്നൊരു സ്വപ്നം പോലെ ന്റെ നാടെന്നെ മടക്കി വിളിക്കണുണ്ടിപ്പോ...
ലൈലാന്നു പറഞ്ഞാ രാത്രിന്നാണ്...
പക്ഷെ നിക്ക് ലൈലാന്നു പറഞ്ഞാ വെളിച്ചം ആണ്... 
ഞാൻ ഇന്ന് കാണുന്ന ഈ സുന്ദരമായ ലോകോം, ന്റെ മുഖത്ത് മായാതെ നിക്കണ ചിരിം നിക്ക് തന്നത് ന്റെ ലൈലുവാണ്...
ആ ലൈലു പിന്നെങ്ങനാ രാത്രി ആവാ... 

Sunday, August 17, 2014

ഇറയത്തു കയറി നിന്നൊരു മഴ ഓർമകളിൽ എവിടെയുമില്ല...
ഓർമ ജനിച്ചത്‌ മുതൽ  മഴപാറ്റ പോലെ മഴക്കൊപ്പം ഞാൻ പറന്നു നടക്കാറുണ്ടായിരുന്നു...
അന്ന് രാത്രി ഒരു മഴ പെയ്തു... ഒരു കുറുമ്പി കുട്ടിയെ പോലെ ഓടി മഴയെ ആദ്യം തോട്ടത് ഉമ്മച്ചിയാണ്...
പിറകെ ഇക്കാക്കയും, ഇത്തായും. ഒടുവിലായി ഞാനും...
ഞങ്ങൾ നാല് പേരും മൂന്ന് വ്യത്യസ്തമായ അനുഭൂതിയോടെയാണ് ആ മഴയെ ഏറ്റുവാങ്ങിയത്... ഉമ്മച്ചി എവ്ടെയോ കളഞ്ഞു പോയ കുട്ടിക്കാലത്തെ തിരിച്ച് പിടിക്കുകയായിരുന്നു, പ്രണയാതുരമായാണ് ഇക്കാക്കയും ഇത്തയും മഴ അറിഞ്ഞത്... ഏകാന്തതയുടെ വേനലിനെ  മുഴുവൻ തണുപ്പിക്കാൻ റബ്ബ് എന്റെ മേൽ പൊഴിച്ച കനിവിന്റെ തെളി നീരായാണ് ആ മഴ എന്നിൽ നിറഞ്ഞത്...
മഴ കലാശകൊട്ടായി നിറഞ്ഞു നിറഞ്ഞു പരന്നൊഴുകുമ്പോൾ നിലാവ് പോലെ ചിരിച്ചോരാൾ ഇരുളിനെ മുറിച്ചു കടന്നു വന്നു... മഴയുടെ കോപവും, നോവും, വെളിച്ചവും, സ്നേഹവും അറിഞ്ഞു നനഞ്ഞു നനഞ്ഞു ഒരാൾ... ന്റെ വാപ്പച്ചി :)
ആകാശമാറിയാത്തോരു മയിപീലി തുണ്ടായെന്റെയുള്ളിൽ പെറ്റ്  പെരുകുന്നുണ്ട്  നിന്നോടുള്ള പ്രണയം 

Friday, August 15, 2014

ഈ നിമിഷം ലോകം എന്റെയും നിന്റെയും മാത്രമായ് തീരുന്നു...
ഒരു നോട്ടം കൊണ്ട് പ്രണയത്തിന്റെ മഴയെങ്ങിനെയാണ്‌ നീയെന്നിൽ പെയ്യിക്കുന്നത്
എന്റെ മോഹയമുന ദിശയറിയാതെ അലയുന്നുണ്ട് നിന്റെ കടലാഴങ്ങൾ തേടി
നാദം കൊണ്ട് നീ  ആത്മാവിൽ നിറയുമ്പോൾ  ഋതു മതിയായതു പോലെന്റെ ഹൃദയം...
ഇനിയും പറയാതെ വയ്യ...  ഒരു മാത്രയെന്റെ  വിരലുകളെ മുറുകെ പുണരൂ... പറന്നു പോവാം കിനാവ്‌ ജനിക്കുന്ന താഴ്വരകൾ തേടി 

Thursday, August 14, 2014

കണ്ണല്ല കരയുന്നതെന്റെ ജീവനാണ് ..
നീയറിയാതെ പോവുന്ന എന്റെ കിനാക്കളൊക്കെയും ചിതയായെന്നിൽ വെന്തു നിൽക്കുന്നു...
ഏതു വേദനയുടെ നിമിഷത്തിലും നിനക്കായി പുഞ്ചിരിയുടെ പൂമൊട്ടോന്നു ഞാൻ കാത്തു വക്കുന്നുണ്ട്....
തിരക്കുകൾ മാത്രമായ് നീ മാറുമ്പോൾ, കാത്തിരിപ്പിന്റെ കൊടും വേനലാവുന്നു ഞാൻ...
പ്രണയമല്ല ഞാൻ നിനക്കായി നീട്ടുന്നതെന്റെ പ്രാണനാണ്‌...
ഓരോ രാവും ഓരോ മുറിവുകളാവുന്നു...
കത്തുന്ന കാമം കൊണ്ട് നീയെന്നെ പുണരേണ്ടതില്ല, നിന്റെ നിശ്വാസമാരിയുന്നൊരു ചുംബനം മാത്രം മതിയെന്റെ നെറ്റിത്തടത്തിന്...
പുലരികളിലൊരു വാക്കിന്റെ മധുരം നുകർന്ന് നിന്റെ മുടിയിഴകളെ തലോടി, നിന്റെ കണ്ണുകളുടെ ആഴങ്ങളിലെന്നെ തിരയുവാനൊരു നിമിഷം...
അനുവാദം തരികയെനിക്കു നീ...
കുറുമ്പ് കാട്ടുന്ന കാമുകിയാവാൻ, വാത്സല്യം നിറഞ്ഞ നിന്റെ അമ്മയാവാൻ... പ്രണയാതുരയായി നിന്റെ നിന്റെ മാത്രമാവാൻ