Wednesday, October 22, 2014

അപ്പ കഷ്ണം 

ചിന്തകളിൽ കുരുങ്ങി നിൽക്കയാണ്‌ ഞാൻ 
വെയിലിൽ കരിഞ്ഞു തളർന്നു ഞാൻ കൊതിക്കുന്നതൊരു ഇരിപ്പിടമാണ് ...
കാത്തു നിന്ന് കാൽ കഴച്ചു, ഇരിക്കാനിടമുണ്ടെങ്കിലും-
സീറ്റ്, വിലക്കപെട്ട കനിയാണ് കാരണം ഞാനൊരു വിദ്യാർഥിയാണ് 

വിശപ്പ്‌ തിന്നുന്ന വയറെന്നെ പലതും മോഹിപ്പിക്കുന്നു 
പേഴ്സിനകത്ത് ഇരുപതിന്റെ നോട്ട് ചുളുങ്ങി കിടപ്പുണ്ട്,
ശമനത്തിനതു ധാരാളം... എങ്കിലും ഇപ്പോൾ ഇരിപ്പിടമാണ് വലുത്..

മുഷിഞ്ഞ ഭിക്ഷക്കാരന്റെ കൈകളിലെന്റെ കണ്ണുകൾ കുടുങ്ങി പോയി 
ഏറെ നേരമായ് അയാളെന്തോ പരതുന്നു...
തിരഞ്ഞത് കിട്ടാത്ത അരിശം  കെട്ടുപെട്ട മുടിയിഴകളിൽ വലിച്ചു പറിച്ചയാൾ തീർക്കുന്നു...
മിന്നലെറിഞ്ഞ പോലെ മിഴികൾ തെളിഞ്ഞു, 
ആരോ തിന്നു ബാക്കിയെറിഞ്ഞ അപ്പത്തിൽ ആർത്തിയുടെ കടലിരമ്പുന്നു...

അകലെ നിന്നും ബസ്സ്‌ ഓടി വരുന്നു... 
ചുളുങ്ങിയ ഇരുപതിന്റെ നോട്ടു മുഷിഞ്ഞ കൈകളിലേക്ക്-
ഇട്ടു കൊടുത്ത് മുഖം മറച്ചു ഞാൻ ബസ്സിന്റെ കമ്പിയിൽ തൂങ്ങി നിന്നു...
മഴയിലെന്ന പോലെ അയാളുടെ അത്ഭുതമൂറിയ മുഖം ഞാൻ കണ്ടു ഞാൻ ബസ്സിനോപ്പം ഓടി മറഞ്ഞു

Tuesday, October 21, 2014

നിറ ഭേദം 

കാർമുകിൽ കോറിവരച്ചത് പോലെ മുഖമുള്ളവളുടെ 
കിനാക്കൾക്ക് കടും നിറങ്ങളായിരുന്നു...

കറുപ്പിനഴകേഴെന്നു പറഞ്ഞവൻ പാതി വഴിയിൽ-
വെള്ളയിൽ ചായമടിച്ചവൾക്ക് കൂടെ മറഞ്ഞു പോയി 

വിവാഹ മാർക്കറ്റിൽ കറുമ്പിയെന്ന
മുദ്ര കുത്തി ഭ്രഷ്ട്ട് കൽപ്പിച്ചവളെ ഇടിച്ചു താഴ്ത്തി...

വില പറഞ്ഞുറപ്പിച്ചു വിലകുറഞ്ഞവളാക്കി...
അവളിലുമേറെ കനമുള്ള പൊന്ന് കണക്കു പറഞ്ഞു കൈക്കലാക്കി

മനസ്സിന്റെ വെണ്മയറിയാൻ  'വെള്ളെഴുത്ത്' ബാധിച്ച-
കണ്‍കളൊരിക്കലും തുറക്കയില്ല

Wednesday, October 8, 2014

പഴുക്കാൻ തുടങ്ങിയ മുറിവാണ് ചില ദാമ്പത്യങ്ങൾ...
അഴുകി തുടങ്ങിയിട്ടും മുറിച്ചു മാറ്റാനാവാതെ കൊണ്ട് നടക്കയാണ് പലരും...

പണ്ടെപ്പോഴോ, പുണർന്ന വിരലുകൾ  അടർത്താൻ പോലും ആത്മവ്യഥ അനുഭവിച്ചവർ,
ഒരേ കിടക്കയിൽ അകലങ്ങൾ തേടി പോവുന്നു...
തളിർത്തു തുടങ്ങിയിട്ടേറെ കഴിയും മുന്നേ തളർന്നു പോയി വെറുപ്പിന്റെ അഗ്നിയേറ്റ്...

പരതി തോൽക്കയാണ് പലരും തുടരാനുള്ള വഴി തേടി...
ഞാൻ മരിച്ചു നമ്മൾ ജനിക്കാതെ മുറിവുണക്കപ്പെടുകയില്ല...
ഞാൻ ഞാനായിരുന്നാൽ, കഷ്ണിച്ചു വലിച്ചെറിയപ്പെടും ജീവിതത്തിന്റെ ഇരു ദ്രുവങ്ങളിലേക്ക് അപരിചിതരായ്
നിയോഗം
വരിഞ്ഞു മുറുക്കി കെട്ടി മണ്ണിനടിയിലെന്ന പോലെ ഒളിപ്പിച്ച
മനസ്സിൽ പിന്നെയും സ്നേഹത്തിന്റെ വിത്ത് മുളക്കുന്നു...
ഭയമില്ല പ്രണയിക്കാൻ, നഷ്ടമാകട്ടെ-
എന്നെ തന്നെയും നിന്റെ വിയോഗത്തിൽ
ആത്മാവ് കൊണ്ടെന്നിലെ പ്രണയം മുഴുവൻ കടഞ്ഞെടുത്തവൻ നീ...
ഒരു വാക്ക് കൊണ്ടെന്റെ കിനാവിന്റെ വേരുകളെല്ലാം നിന്നിലേക്ക്‌ പടർത്തി ...
മൗനം കൊണ്ടെന്റെ വികാരങ്ങളെ മുഴുവൻ മദിച്ചു നീ നിദ്രയെ കൊള്ളയടിക്കുന്നു
ആശക്തയാണ് ഞാൻ നിന്നെ അറിയാതെ ലോകമറിയാൻ വയ്യെനിക്ക്...
നിനക്കായാണ് ഞാൻ എന്നെ ഒരുക്കുന്നത്,
നിനക്കു കുടിച്ചുന്മതനാവാനാണ് എന്നിൽ സ്നേഹം നിറച്ചു ഞാൻ കാത്തിരിക്കുന്നത് ...
കാമം പാപമെന്നു കൂവുന്ന ലോകത്തിൽ ഒരു ബന്ധത്തിന്റെയും-
നൂലിഴയില്ലാതെ പൂർണ്ണമായ് നിന്നെ അറിയണമെനിക്ക്...
സ്നേഹത്തിന്റെ ഉപ്പുറങ്ങി കിടക്കുന്ന ദേഹ-
രുചിയറിയാതെ ഏതു പ്രണയം പൂർണ്ണമാവും..

സ്നേഹിക്കാൻ മറന്നു പോവുന്ന സമൂഹം, ജീവിക്കാൻ മറന്നു പോവുന്ന സമൂഹം ....
നിരാശയുടെ ആഴകയങ്ങൾ മാത്രം തേടുകയാണ് മനസ്സെപ്പോഴും...
അന്നത്തിനപ്പുറമുള്ള വേവലാതികൾ തീരുന്നതെയില്ല...
സ്നേഹം നിറയാത്ത മനസ്സിന്റെ വിശപ്പ് ഒരു നാളും അടങ്ങുകയില്ല...

പെരുകി നിറയുന്ന ഏകാന്തത ബന്ധങ്ങളെ ജീർണ്ണിപ്പിക്കുന്നു...
ഞാൻ... ഞാൻ മാത്രമായി ചുരുങ്ങി നമ്മലെന്നോരിക്കലുമാവാതെ ഇടുങ്ങി ഒതുങ്ങി പോവുന്നു...

സ്നേഹത്തിലേക്ക്, നിറമുള്ള സ്വപ്നങ്ങളിലേക്ക് ഉയിർ കൊള്ളണം മനസ്സ്...
ജീവിതം, അതി സുന്ദരമായൊരുദ്യാനമാണ്, ജീവിക്കാൻ തുടങ്ങുമ്പോൾ മാത്രം...
വിഷാദം തിങ്ങിയ ചുവരുകൾക്കുള്ളിൽ ജീവിതത്തിന്റെ പുതു ഗന്ധം നിറയണം...

ഇനിയെങ്കിലും മനസ്സുകളിലേക്ക് നോക്കുക്ക !
നിനക്കായുള്ള സ്നേഹം നിയന്ത്രണാതീതമായ് നിറഞ്ഞോരാൾ,
ആത്മാവ് കൊണ്ട് കരയുന്നു നിന്നെ തിരിച്ചെടുക്കാൻ
വാർദ്ധക്യം - ശാപമാണ്...
സ്നേഹിക്കാനാരുമില്ലാത്തവരുടെ വാർദ്ധക്യം കൊടും ശാപവും...
കാലം കാർന്നു തിന്ന ജീവിതത്തിന്റെ എല്ലിൻ കഷ്ണം പോലെ-
തൈലം മണക്കുന്ന വൃത്തി ഹീനമായ ചുവരുകൾക്കുള്ളിൽ അച്ഛന്റെ ജീവൻ മാത്രമുള്ള ദേഹം...
പെയ്തൊഴിയാത്ത ശകാര പെരുമഴയുമായി ഒരുവൾ നിലക്കാതെ മിന്നലുകളെറിഞ്ഞിട്ടും,
ഞാനൊന്നുമറിഞ്ഞതേയില്ലെന്ന ഭാവത്തിൽ ജനലഴികൾ എണ്ണിയെണ്ണി മടുക്കുന്നു...
ശകാരത്തിന്റെ വെടിയോച്ചകളിൽ താരാട്ട് തേടും കുഞ്ഞിനെ പോൽ-
മിഴിയടച്ചു ഇന്നലെകളെ സ്വപ്നം കണ്ടു ഉറങ്ങി ...
ഇനി പോവാൻ വഴികളില്ലയെന്ന സത്യം വേദനിപ്പിക്കുന്നുവെങ്കിലും
ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കയാണെന്ന-
സത്യത്തിൽ ആർത്തൊന്നു ചിരിച്ചു മരിച്ചു പോവാൻ കൊതിച്ചു പോയി പിന്നെയും
മൈലാഞ്ചി കാടുകളിൽ ചില്ലകളുലയുന്നു
ചിലത്  സ്വപ്‌നങ്ങൾ പൂക്കാൻ ,
ചിലത് ഖബറിലേക്കു ചേരാൻ
ഒരുപാട് നാളുകൾക്കപ്പുറം നീ എന്നെ തിരഞ്ഞു വരും... വരാതിരിക്കാൻ നിനക്കാവില്ല... ആത്മാവ് കൊണ്ട് നിന്റെ ഹൃദയത്തിൽ ഞാൻ സ്നേഹത്തിന്റെ മുദ്ര വച്ചിരിക്കയാണ്... ഇന്ന് ബന്ധങ്ങളുടെ വേരുകൾ, മതത്തിന്റെ കൂർത്ത നഖമുനകൾ നിന്റെ മനസ്സിനെ എന്നിൽ നിന്നടർത്തയാണ്... പെരു വഴിയിൽ പാതി വെന്തു ജീർണ്ണിച്ച എന്റെ പ്രണയത്തെ നീ ഉപേക്ഷിക്കയാണ്... പ്രാണൻ വെടിയുന്നവളുടെ വ്യഥകളോടെ ഞാൻ നിന്നിൽ നിന്നും ഓടിയകലുകയാണ്... പക്ഷെ നീയെന്ന മരുഭൂമി ഞാനെന്ന മഴയെ പിന്നെയുമൊരു നാൾ പ്രണയിക്കാൻ തുടങ്ങും, കാത്തിരിപ്പിന്റെ കാർമേഘമായ് എന്നെ തിരഞ്ഞു ദിക്കുകളോളം നീ അലഞ്ഞു തളരും... നിന്റെ വിളിക്ക് കാതോർത്തു ഞാൻ മൈലാഞ്ചി കാടിന് കീഴിൽ കിനാവിന്റെ പട്ടുറുമാല് പുതച്ചു ഞാൻ കാത്തിരിക്കയാവുമപ്പോൾ
ഇതെന്റെ കണ്ണുകളാണ്... നിങ്ങളിതെടുത്തു കൊൾക...
കാഴ്ച്ചകളുടെ മുള്ളു തറച്ചു മനസ്സ് അന്ധയാക്കപെട്ടവൾക്ക് ഇനിയൊന്നും കാണേണ്ടതില്ല...


ഒരുപാട് നാളുകൾക്കപ്പുറം നീ എന്നെ തിരഞ്ഞു വരും... വരാതിരിക്കാൻ നിനക്കാവില്ല... ആത്മാവ് കൊണ്ട് നിന്റെ ഹൃദയത്തിൽ ഞാൻ സ്നേഹത്തിന്റെ മുദ്ര വച്ചിരിക്കയാണ്... ഇന്ന് ബന്ധങ്ങളുടെ വേരുകൾ, മതത്തിന്റെ കൂർത്ത നഖമുനകൾ  നിന്റെ മനസ്സിനെ എന്നിൽ നിന്നടർത്തയാണ്... പെരു വഴിയിൽ പാതി വെന്തു ജീർണ്ണിച്ച എന്റെ പ്രണയത്തെ നീ ഉപേക്ഷിക്കയാണ്... പ്രാണൻ വെടിയുന്നവളുടെ വ്യഥകളോടെ ഞാൻ നിന്നിൽ നിന്നും ഓടിയകലുകയാണ്... പക്ഷെ നീയെന്ന മരുഭൂമി ഞാനെന്ന മഴയെ പിന്നെയുമൊരു നാൾ പ്രണയിക്കാൻ തുടങ്ങും, കാത്തിരിപ്പിന്റെ കാർമേഘമായ് എന്നെ തിരഞ്ഞു ദിക്കുകളോളം നീ അലഞ്ഞു തളരും...   നിന്റെ വിളിക്ക് കാതോർത്തു മൈലാഞ്ചി കാടിന് കീഴിൽ കിനാവിന്റെ പട്ടുറുമാല് പുതച്ചു നിന്നെ മാത്രം കിനാ കണ്ടു ഞാൻ ഉറങ്ങുകയായിരിക്കും...