Thursday, September 25, 2014

മിഴിയാട്ടം
ഒരു മുടിയാട്ടത്തിന്റെ ഒടുക്കമാണ് ഒരു നോട്ടം എന്റെ ഹൃദയത്തെ തുളച്ചു കളഞ്ഞത്, അത് വരെ ഒരാളും എന്നെ അത്രമാത്രം തീക്ഷണമായി നോക്കിയിട്ടില്ല, അതിനു ശേഷവും... കറുത്ത വട്ടപൊട്ടിലും, പടർന്നു കവിൾ തൊടുന്ന കരിമഷിയിലും, അഴിഞ്ഞു വീണ നീണ്ട യക്ഷി തലമുടിയിലും, വിയർപ്പ് ഓളം വെട്ടുന്ന ഇരുണ്ട മുഖത്തും അയാൾ രൂക്ഷമായി നോക്കി കൊണ്ടിരുന്നു... ഓരോ തവണ മിഴികൾ
അയാളിൽ നിന്നും വലിചെടുത്തിട്ടും പിന്നെയും അയാളുടെ കണ്ണിലേക്ക് എന്റെ നോട്ടങ്ങളത്രയും യാതൊരു സങ്കോചവുമില്ലാതെ ചെന്ന് വീഴുന്നു...
ചുവപ്പ് വറ്റി തുടങ്ങിയ സന്ധ്യകളിൽ, ഇടുങ്ങിയ വഴികളിൽ കാലടികൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങിയത് അയാൾ ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്നും പുലിയെ പോലെ തന്നിലേക്ക് ചാടി മറിയും എന്ന ഭയം ജനിച്ചതു മുതലാണ്‌...
നാട്ടിലെ പൂരമാണ്‌... പെണ്ണുങ്ങളും,ആണുങ്ങളുംഅങ്ങാടി പശുക്കളെ പോലെ അങ്ങുമിങ്ങും അലഞ്ഞു നടക്കുന്നു, ചോന്ന മിട്ടായി തിന്നു ചുണ്ടെല്ലാം ചുവപ്പും, പിങ്കും അല്ലാതൊരു നിറത്തോട് കൂടി കുറെ കുട്ടി ഭൂതങ്ങൾ ബലൂണും, പീപ്പിയും ഊതി നടക്കുന്നു ...ഞാനും അയൽ വീട്ടിലെ എന്റത്ര പൊക്കമില്ലാത്ത വെളുത്ത പെണ്ണും കൂടെ വൈകുന്നേരത്തോടെ പൂരം കാണാനെത്തി, അയാളെന്നെ നോക്കുന്നത് കണ്ടപ്പോ അൽപ്പം ഏറെ അഹന്തയോടെ തല വെട്ടിച്ചു ഞാൻ വള കടയിലേക്ക് നടന്നു ...തവിട്ടു നിറമുള്ള കയ്യിൽ ചുവന്ന കുപ്പിവളകൾ കുത്തിയിറക്കുന്ന ചെക്കനോട് കാര്യമില്ലാതെ അയാൾ എന്തോ പുലഭ്യം പറഞ്ഞു വിരട്ടി, പിന്നെയും എരിവുള്ള നോട്ടം തന്നു ഒരു പോക്ക് പോയി...
ഇന്ന് ഞാനങ്ങു സുന്ദരിയായി നിൽക്കയാണ്‌... അല്പ്പം കൂടെ നീട്ടി വാലിട്ട് കണ്ണെഴുതി, എന്തോ തരം ചായം വെളുത്ത പെണ്ണ് ചുണ്ടില തേച്ചു തന്നു, പിന്നി കെട്ടിയ നീണ്ട മുടിയിൽ ഒരു കുടന്ന പൂവ് വച്ചു, വീതിയിൽ സ്വർണ്ണ കസവുള്ള മുണ്ടും നേര്യേതും ചുറ്റി...
വലം വച്ച് കഴിഞ്ഞു അമ്പല നടയിലൂടെ നടന്നു വരുമ്പോ പിന്നെയും ഹൃദയത്തിലേക്ക് ആ നീണ്ട നോട്ടം, അതിനു പക്ഷെ തീക്ഷ്ണത കുറവായിരുന്നു, നനവിന്റെ നേർത്ത ചാൽ കണ്‍പീലിയിൽ ഉടക്കി നില്ക്കും പോലെ തോന്നി... പൊടുന്നനെ, ഒരു പ്രത്യേക സ്വാർത്ഥ സന്തോഷത്തോടെ കൂടെ കുറച്ചു മുൻപിൽ നടന്നിരുന്ന നേർത്ത കസവു മുണ്ടെടുത്ത നവവരന്റെ കൈകളിൽ മുറുക്കി പിടിച്ചു അയാളുടെ അന്നത്തെ നോട്ടം അതെ തീവ്രതയോടെ ഞാൻ തിരിച്ചു കൊടുത്തു നടന്നകന്നു

No comments:

Post a Comment