Tuesday, September 23, 2014

വിഷാദം

ഒറ്റപെടുന്നവന്റെ വേദന അതി കഠിനമാണ്... ലോകം മുഴുവൻ അവനു ചുറ്റിലും രഹസ്യങ്ങൾ പിറുപിറുത്തും, ആഘോഷങ്ങളിൽ ഏർപ്പെട്ടും, പരസ്പരം സ്നേഹിച്ചും മതിയാവാതെ ജീവിച്ചു മഥിക്കുമ്പോൾ, ഒരുവൻ മാത്രം മൗനത്തിന്റെ നദിയിൽ നീന്തി കരയറിയാതെ കൈ കുഴഞ്ഞ് കയങ്ങളിലേക്ക് ആണ്ടു പോവുന്നു...

മരണവീടിന്റെത് പോലുള്ള നെടുവീർപ്പും, ഏകാന്തമായ മനസ്സും, ഗന്ധവും അവനെ ചുറ്റി നിൽക്കുന്നു എല്ലായ്പ്പോഴും... ഹൃദയം തുറന്നു ചിരിക്കാനാവാത്തവന്റെ ദു:ഖവും വേദനയും നിങ്ങൾക്കറിയുമോ?

കാരണങ്ങളേതുമില്ലാത്തോരു വിഷാദം ഒരു അടങ്ങാ രോഗവും, രോദനവുമായി അവന്റെയുള്ളിൽ മുള പൊട്ടി കൊണ്ടേയിരിക്കും...

വെറുപ്പ് നിറഞ്ഞു അവനൊരിക്കലും ലോകത്തെയോ, നിങ്ങളെയോ അറിയുന്നില്ല... ശൈത്യം ഉറച്ചു കളഞ്ഞൊരു ജലപാളി പോലെ അവന്റെയുള്ളിലെ സ്നേഹവും, ആഹ്ളാദത്തിന്റെ തിരകളും ഒരിക്കലും ഉരുകാത്ത മഞ്ഞു ശിലകളാക്കി താനേ മാറ്റപെടുകയായിരുന്നു...

പലപ്പോഴും ആത്മനിയന്ത്രണത്തിന്റെ കയറുകൾ അറുത്ത് ഉറക്കെ കരയാൻ അവന്റെ കണ്ണും മനസ്സും തുടിച്ചു കൊണ്ടിരിക്കും വേനൽ ഊറ്റി കുടിച്ച നീർചോല പോലെ അവന്റെ മിഴികൾ ഇരുണ്ട് ഉണങ്ങി ചുളുങ്ങി നിര്ജ്ജീവമായി തന്നെ നിലകൊള്ളും...

മരണത്തിന്റെ തണുപ്പ് അവനു ഏറെ ഇഷ്ടമാണ്...
സാബ്രാണികൾ എരിഞ്ഞു, മന്ത്രോച്ചാരണത്തിന്റെ നടുവിൽ ആത്മാവ് നഷ്ട്ടപെട്ടവന്റെ ദീനതയാർന്ന മുഖം.. അവരുടെ ദേഹത്തിന്റെ നേർത്ത പൂപ്പൽ മണവും, ശരീരത്തിന്റെ മഞ്ഞിനെ വെല്ലുന്ന മരവിപ്പിലും അവനെയെപ്പൊഴും ആകർഷിച്ചിരുന്നു, പലപ്പോഴും ഒരു മൃതശരീരമെന്നത് പോലെ അവൻ സ്വയം അനുകരിക്ക കൂടെ ചെയ്യുന്നു...

എല്ലാമെരിയിക്കുന്ന കാലം കൂടുതൽ കരുത്തുറ്റവനായിരിക്കുന്നു, ഒരുനാൾ കാലത്തിന്റെ തീകാറ്റിൽ അവനും എരിഞ്ഞു ചാരമായി പാറി വായുവിൽ അലഞ്ഞു പൊടിഞ്ഞു വീഴും...

കാത്തിരിക്കാനാരുമില്ലാത്തവന്റെ, പോകാനിടമില്ലാത്തവന്റെ അവസാനശ്രയത്തിലേക്ക് അവന്റെ മനസ്സ് പ്രതീക്ഷ വിരിയിക്കുന്നു





No comments:

Post a Comment