Monday, September 15, 2014

-താണ്ഡവം-
മനോരോഗിണിയെ പോലെ ചില നേരം അവൾ വെറുതെ പൊട്ടിചിതറുന്ന  ചിരിയുടെ വെയിൽ പരത്തികൊണ്ടിരുന്നു. മറ്റു ചിലപ്പോൾ തിരിച്ചറിയാനാവാത്ത വേദന നിറഞ്ഞവളുടെ മിഴികൾ പുഴ പോലെ ഒഴുകി കൊണ്ടിരുന്നു... മൗനം ചുറ്റിലും പുതയുന്നതാണ് ഏറ്റവും അസഹ്യമായ അനുഭവം...
ഏകാന്തത എന്നത്  നിദ്ര കടന്നു വരാത്ത നിലാവസ്തമിക്കാത്ത രാവ് പോലെയാണ്, മടുപ്പിന്റെ അറ്റങ്ങൾ മുഴുവൻ താണ്ടിയിട്ടും  രാവസ്തമിക്കാനുള്ള കാത്തിരിപ്പ് വലിയൊരു കാലഘട്ടം പോലെ തോന്നിച്ചിരുന്നു... എന്നിട്ടും അവൾ രാവിനെ മാത്രം പ്രണയിച്ചു ... നിശബ്ദത മുറുകുമ്പോൾ അവൾ നൃത്തം വക്കാൻ തുടങ്ങും... കാഴ്ച്ചക്കാരില്ലാത്ത വേദിയിൽ മൌനത്തിന്റെ താളം പിടിച്ചവൾ നിലക്കാത്ത നൃത്ത ചുവടുകളുടെ ഒടുക്കം തളർന്നു വീഴും...

എന്നത്തെതിനും വിപരീതമായി അവൾ മയങ്ങാൻ തുടങ്ങിയിരിക്കുന്നു ഇന്ന്... നിദ്രയിൽ അവൾ പിന്നെയും ചമയമണിഞ്ഞു, പട്ടു പുടവയിൽ ദേവ നർത്തകിയായി... നിലക്കാതെ കരഘോഷങ്ങൾളോടൊപ്പം  അവളുടെ നടനം വിസ്മയമായി...

ഒരു നേരത്ത ഞരക്കത്തോടെ അവളുടെ മേനിയോന്നുലഞ്ഞു, ഉള്ളു പിടഞ്ഞു അവൾ മിഴി തുറന്നു ജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്നെന്ന പോലെ കരഘോഷം നിലക്കാതെ കാതുകളിൽ... ചിലങ്കയണിഞ്ഞു കൊതി മാറാത്ത കാലുകൾ നിര്ജ്ജീവമായി തളര്ന്നു കിടക്കുന്നു... നടനം ധ്യാനമാക്കിയ ദേഹം മരം കണക്കെ ശവമായി കിടക്കുന്നു... പുഴ പിന്നെയും ഒഴുകി വഴി തിരിഞ്ഞവളുടെ കഴുത്തിൽ നിന്നൂര്ന്നു വീണു തലയിണയിൽ  മറഞ്ഞു പോയി...  രാവിപ്പോഴും അസ്തമിചിട്ടില്ല, മനസ്സിലവൾ പുതിയൊരു താണ്ടാവമാടാൻ തുടങ്ങി 

No comments:

Post a Comment