Tuesday, September 30, 2014

എന്റെ മനസ്സ് ഒരു ചതുപ്പാണ്...
പുറമേക്കത് പുൽനാമ്പുകൾ നിറഞ്ഞ നിലം പോലെ തോന്നിക്കുന്നുവെങ്കിലും...
ആഴ്ന്നു മൃതമാക്കപ്പെട്ട ചതുപ്പാണ്‌...

മനസ്സു മാത്രമറിയാതെ എന്നെ അറിയുന്നു ചിലർ...
ഞാനെപ്പോഴും ചിരിക്കുന്ന പൂമരം പോലെയാണ്...
പറന്നകലുമെന്നരിഞ്ഞിട്ടും ഓരോ ചില്ലകളിലും സൗഹ്രദത്തിന്റെയും,-
സ്നേഹത്തിന്റെയും കിളികൾക്ക് കൂടോരുക്കുന്നു...

ഓരോ വേർപ്പാടും, വെറുപ്പിന്റെ തീനാമ്പുകളും ചതുപ്പിലേക്കാഴ്ത്തി-
ഞാൻ പുതിയ മുഖപടം തുടരെ തുടരെ അണിയുന്നു
അകത്തളങ്ങളിൽ പലപ്പോഴും കത്തുന്ന ഓർമകളും വിയോഗങ്ങളുമെന്നെ പൊള്ളിച്ചു കരിയിക്കുമ്പോഴും-
ചിരി നിലക്കാ പൂമരമായി ഞാൻ  പൂത്തു കൊണ്ടേയിരിക്കുന്നു

Thursday, September 25, 2014

മിഴിയാട്ടം
ഒരു മുടിയാട്ടത്തിന്റെ ഒടുക്കമാണ് ഒരു നോട്ടം എന്റെ ഹൃദയത്തെ തുളച്ചു കളഞ്ഞത്, അത് വരെ ഒരാളും എന്നെ അത്രമാത്രം തീക്ഷണമായി നോക്കിയിട്ടില്ല, അതിനു ശേഷവും... കറുത്ത വട്ടപൊട്ടിലും, പടർന്നു കവിൾ തൊടുന്ന കരിമഷിയിലും, അഴിഞ്ഞു വീണ നീണ്ട യക്ഷി തലമുടിയിലും, വിയർപ്പ് ഓളം വെട്ടുന്ന ഇരുണ്ട മുഖത്തും അയാൾ രൂക്ഷമായി നോക്കി കൊണ്ടിരുന്നു... ഓരോ തവണ മിഴികൾ
അയാളിൽ നിന്നും വലിചെടുത്തിട്ടും പിന്നെയും അയാളുടെ കണ്ണിലേക്ക് എന്റെ നോട്ടങ്ങളത്രയും യാതൊരു സങ്കോചവുമില്ലാതെ ചെന്ന് വീഴുന്നു...
ചുവപ്പ് വറ്റി തുടങ്ങിയ സന്ധ്യകളിൽ, ഇടുങ്ങിയ വഴികളിൽ കാലടികൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങിയത് അയാൾ ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്നും പുലിയെ പോലെ തന്നിലേക്ക് ചാടി മറിയും എന്ന ഭയം ജനിച്ചതു മുതലാണ്‌...
നാട്ടിലെ പൂരമാണ്‌... പെണ്ണുങ്ങളും,ആണുങ്ങളുംഅങ്ങാടി പശുക്കളെ പോലെ അങ്ങുമിങ്ങും അലഞ്ഞു നടക്കുന്നു, ചോന്ന മിട്ടായി തിന്നു ചുണ്ടെല്ലാം ചുവപ്പും, പിങ്കും അല്ലാതൊരു നിറത്തോട് കൂടി കുറെ കുട്ടി ഭൂതങ്ങൾ ബലൂണും, പീപ്പിയും ഊതി നടക്കുന്നു ...ഞാനും അയൽ വീട്ടിലെ എന്റത്ര പൊക്കമില്ലാത്ത വെളുത്ത പെണ്ണും കൂടെ വൈകുന്നേരത്തോടെ പൂരം കാണാനെത്തി, അയാളെന്നെ നോക്കുന്നത് കണ്ടപ്പോ അൽപ്പം ഏറെ അഹന്തയോടെ തല വെട്ടിച്ചു ഞാൻ വള കടയിലേക്ക് നടന്നു ...തവിട്ടു നിറമുള്ള കയ്യിൽ ചുവന്ന കുപ്പിവളകൾ കുത്തിയിറക്കുന്ന ചെക്കനോട് കാര്യമില്ലാതെ അയാൾ എന്തോ പുലഭ്യം പറഞ്ഞു വിരട്ടി, പിന്നെയും എരിവുള്ള നോട്ടം തന്നു ഒരു പോക്ക് പോയി...
ഇന്ന് ഞാനങ്ങു സുന്ദരിയായി നിൽക്കയാണ്‌... അല്പ്പം കൂടെ നീട്ടി വാലിട്ട് കണ്ണെഴുതി, എന്തോ തരം ചായം വെളുത്ത പെണ്ണ് ചുണ്ടില തേച്ചു തന്നു, പിന്നി കെട്ടിയ നീണ്ട മുടിയിൽ ഒരു കുടന്ന പൂവ് വച്ചു, വീതിയിൽ സ്വർണ്ണ കസവുള്ള മുണ്ടും നേര്യേതും ചുറ്റി...
വലം വച്ച് കഴിഞ്ഞു അമ്പല നടയിലൂടെ നടന്നു വരുമ്പോ പിന്നെയും ഹൃദയത്തിലേക്ക് ആ നീണ്ട നോട്ടം, അതിനു പക്ഷെ തീക്ഷ്ണത കുറവായിരുന്നു, നനവിന്റെ നേർത്ത ചാൽ കണ്‍പീലിയിൽ ഉടക്കി നില്ക്കും പോലെ തോന്നി... പൊടുന്നനെ, ഒരു പ്രത്യേക സ്വാർത്ഥ സന്തോഷത്തോടെ കൂടെ കുറച്ചു മുൻപിൽ നടന്നിരുന്ന നേർത്ത കസവു മുണ്ടെടുത്ത നവവരന്റെ കൈകളിൽ മുറുക്കി പിടിച്ചു അയാളുടെ അന്നത്തെ നോട്ടം അതെ തീവ്രതയോടെ ഞാൻ തിരിച്ചു കൊടുത്തു നടന്നകന്നു
ഹൃദയം മുറിഞ്ഞു കരഞ്ഞു പോയി ഞാൻ...
വാക്കിന്റെ മൂർച്ചയേക്കാളും,നിന്റെ മൗനത്തിന്റെ വാൾതലയാണെന്റെ ഹൃദയം അറുത്തത്...
ഹൃദയ രക്തം നിന്റെ മുന്നിലൂടോലിച്ചിറങ്ങുന്ന നേരവും-
ഒന്നുമറിയാത്തവനെ പോലെ നീ മൗനം നിറച്ചു നിർവികാരനായി നോക്കി നിന്നു...

സ്നേഹമല്ല ചോതിച്ചത്, കരുണയാണ്...
കനിവിന്റെ മുധുരമുള്ള ഒരു വാക്കാണ്...
ഏറെയുണ്ടായിട്ടും നീയതു നിന്റെ മനസ്സിലെ ആരുമറിയാത്ത ശ്മശാനത്തിൽ മൂടി കളഞ്ഞു...

നിന്റെ മുഖം പോലും എന്റെ കണ്ണുകൾക്കന്ന്യമാക്കി,
നീ മറഞ്ഞു പോയി... ഒരു വാക്കിന്റെ മധുരമിരന്നത്തിന്റെ പ്രതിഷേദം...
ഞാൻ ചിരിക്കേണ്ടവാളാണ് ഈ നിമിഷം... ഉടുക്ക് നിറഞ്ഞു കൊട്ടും പോലെ കഥനം നിറഞ്ഞു പൊട്ടുകയാണെന്റെ മനസ്സ്....
കാണുവാൻ നീയില്ലെങ്കിലും കണ്ണീരിന്റെ നിലക്കാത്ത നീരുറവയിൽ നിന്നെയോർത്ത് നനയുകയാണ് ഞാൻ 

Tuesday, September 23, 2014

വിഷാദം

ഒറ്റപെടുന്നവന്റെ വേദന അതി കഠിനമാണ്... ലോകം മുഴുവൻ അവനു ചുറ്റിലും രഹസ്യങ്ങൾ പിറുപിറുത്തും, ആഘോഷങ്ങളിൽ ഏർപ്പെട്ടും, പരസ്പരം സ്നേഹിച്ചും മതിയാവാതെ ജീവിച്ചു മഥിക്കുമ്പോൾ, ഒരുവൻ മാത്രം മൗനത്തിന്റെ നദിയിൽ നീന്തി കരയറിയാതെ കൈ കുഴഞ്ഞ് കയങ്ങളിലേക്ക് ആണ്ടു പോവുന്നു...

മരണവീടിന്റെത് പോലുള്ള നെടുവീർപ്പും, ഏകാന്തമായ മനസ്സും, ഗന്ധവും അവനെ ചുറ്റി നിൽക്കുന്നു എല്ലായ്പ്പോഴും... ഹൃദയം തുറന്നു ചിരിക്കാനാവാത്തവന്റെ ദു:ഖവും വേദനയും നിങ്ങൾക്കറിയുമോ?

കാരണങ്ങളേതുമില്ലാത്തോരു വിഷാദം ഒരു അടങ്ങാ രോഗവും, രോദനവുമായി അവന്റെയുള്ളിൽ മുള പൊട്ടി കൊണ്ടേയിരിക്കും...

വെറുപ്പ് നിറഞ്ഞു അവനൊരിക്കലും ലോകത്തെയോ, നിങ്ങളെയോ അറിയുന്നില്ല... ശൈത്യം ഉറച്ചു കളഞ്ഞൊരു ജലപാളി പോലെ അവന്റെയുള്ളിലെ സ്നേഹവും, ആഹ്ളാദത്തിന്റെ തിരകളും ഒരിക്കലും ഉരുകാത്ത മഞ്ഞു ശിലകളാക്കി താനേ മാറ്റപെടുകയായിരുന്നു...

പലപ്പോഴും ആത്മനിയന്ത്രണത്തിന്റെ കയറുകൾ അറുത്ത് ഉറക്കെ കരയാൻ അവന്റെ കണ്ണും മനസ്സും തുടിച്ചു കൊണ്ടിരിക്കും വേനൽ ഊറ്റി കുടിച്ച നീർചോല പോലെ അവന്റെ മിഴികൾ ഇരുണ്ട് ഉണങ്ങി ചുളുങ്ങി നിര്ജ്ജീവമായി തന്നെ നിലകൊള്ളും...

മരണത്തിന്റെ തണുപ്പ് അവനു ഏറെ ഇഷ്ടമാണ്...
സാബ്രാണികൾ എരിഞ്ഞു, മന്ത്രോച്ചാരണത്തിന്റെ നടുവിൽ ആത്മാവ് നഷ്ട്ടപെട്ടവന്റെ ദീനതയാർന്ന മുഖം.. അവരുടെ ദേഹത്തിന്റെ നേർത്ത പൂപ്പൽ മണവും, ശരീരത്തിന്റെ മഞ്ഞിനെ വെല്ലുന്ന മരവിപ്പിലും അവനെയെപ്പൊഴും ആകർഷിച്ചിരുന്നു, പലപ്പോഴും ഒരു മൃതശരീരമെന്നത് പോലെ അവൻ സ്വയം അനുകരിക്ക കൂടെ ചെയ്യുന്നു...

എല്ലാമെരിയിക്കുന്ന കാലം കൂടുതൽ കരുത്തുറ്റവനായിരിക്കുന്നു, ഒരുനാൾ കാലത്തിന്റെ തീകാറ്റിൽ അവനും എരിഞ്ഞു ചാരമായി പാറി വായുവിൽ അലഞ്ഞു പൊടിഞ്ഞു വീഴും...

കാത്തിരിക്കാനാരുമില്ലാത്തവന്റെ, പോകാനിടമില്ലാത്തവന്റെ അവസാനശ്രയത്തിലേക്ക് അവന്റെ മനസ്സ് പ്രതീക്ഷ വിരിയിക്കുന്നു





Sunday, September 21, 2014

ചിലന്തികളെ പോലെ നൂണ്ട് നൂണ്ടവർ ചില്ലു തുടക്കുന്നു...
വിശപ്പിന്റെ വേദന ഓർക്കുന്നതില്ലും ഏറെ ആഴമെറിയതെന്നെന്നെ ഓർമിപ്പിക്കുന്നു...
നോക്കുവാൻ വയ്യെനിക്ക്‌, കണ്ണുകൾ നിറഞ്ഞു പോയെങ്കിലോ...
ഊഞ്ഞാലാടുകയാണ് എനിക്ക് മുന്നിലവർ... ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ...
നൂണ്ടു പോവുന്നു പിന്നെയുമവർ, ഹൃദയമുള്ളവരുടെ ഉള്ളിലൊരു മുറിവുണ്ടാക്കാൻ...

Wednesday, September 17, 2014

ഇരുട്ടെനിക്ക് ഭയമാണ്....
ലോകം ഇരുളിന്റെ ചുഴിയിൽ ആഴ്ന്നു കഴിഞ്ഞാൽ-
എന്റെയുള്ളിൽ ഭയത്തിന്റെ കടലിരമ്പാൻ തുടങ്ങും
വെട്ടു കൊണ്ടും, തീ തിന്നും, കയറിൽ കുരുങ്ങിയും പിടഞ്ഞ ജീവനറ്റ ജന്മങ്ങൾ...
ആശകളുടെ അന്ധതയിൽ, ആദർശങ്ങളുടെ ചെന്തീയിൽ-
നിരാശയുടെ അസ്വസ്ഥതകളിൽ ലോകത്തെ ത്വജിച്ചവരുടെ പ്രേത പാട്ട് ഞാൻ കേൾക്കുന്നു
ഓരോ നിഴലും എനിക്ക് ചുറ്റിലും ഭ്രാന്തമായി ചുടല നൃത്തം ചെയ്യുന്നു
ജീവിതത്തിന്റെ അഴിയാ കുരുക്കാണ്‌ എന്നെ ശവമുറി സൂക്ഷിപ്പുകാരനായി തളച്ചിടുന്നത്...
ചില രാത്രികളിൽ...
വിലാപത്തിന്റെ , വിപ്ലവത്തിന്റെ , വേദനയുടെ പല കഥകൾ പറഞ്ഞവരെന്നെ പ്രലോഭിപ്പിക്കുന്നു,
ഒരു കയറിന്റെ അറ്റത്ത് ഒടിഞ്ഞു തൂങ്ങിയ കഴുത്തു തൂക്കി ഊഞ്ഞാലാടാൻ,-
അഗ്നിയിൽ കുളിച്ചു ജീവിതാർത്തിയുടെ അവസാന നർത്തനമാടാൻ,-
ഓരോ ഞരമ്പിലും വിഷം തീണ്ടി മരണത്തിന്റെ ലഹരി നുരഞ്ഞു കരിനീല ദേഹമായി തണുത്തു കിടക്കാൻ ...
ഭയം നുരഞ്ഞു പൊന്തുകയാണ്... ശവപുരയുടെ പടിപ്പുരക്കിപ്പുറം കാലുകൾ കെട്ടിയിട്ടിട്ടും ഓടുകയാണ് ഞാൻ...
ഇരുട്ടെനിക്ക് ഭയമാണ് ...
പാപത്തിന്റെ ഗർഭം ധരിക്കണമെനിക്ക്...
ഇരുളിൽ മാംസത്തിനു വിലയിടുന്നവരുടെ,
വില കുറഞ്ഞ വാക്കുകൾ കേട്ട് പതം വന്ന
കാതുകൾക്ക്താരാട്ട് തേടുന്ന കുഞ്ഞിന്റെ
കരച്ചിലെനിക്ക് പകർന്നു കൊടുക്കണം...
പല പുരുഷന്റെ വിയർപ്പു ഗന്ധം
വമിക്കുന്ന മാറിടങ്ങൾ , ഒരു വേളയെങ്കിലും
പാലിന്റെ അമൃത കുംഭമായ് തീരണം...
ഞാനീ ലോകത്തിലെ വെറുമൊരു തെരുവ് പെണ്ണാണ്...
മാനം ആദ്യം കവർന്ന അച്ഛന്റെ നേരെയില്ലാത്ത
സദാചാര കൂരമ്പുകൾ തറച്ചു തറച്ച് തഴമ്പിച്ചാണ്
ഞാൻ മാംസ വാണിഭം തുടങ്ങിയത്...
നാലു വയറിൽ അന്നം നിറക്കാൻ,
ഭീതിതമായ ആശുപത്രി കണക്കുകൾ വീട്ടുവാൻ...
രാവിൽ രമിക്കാൻ ഈ ദേഹം വേണം,
പകലിൽ കല്ലെറിയാനും ഇതേ ദേഹം വേണം...
അനാഥയാണ് ഞാൻ...
സ്നേഹത്തിന്റെ രുചിയറിയാതെ ഇനിയും വയ്യെനിക്ക്...
അമ്മയാവണം... പാപത്തിന്റെ ഗർഭം ധരിക്കണമെനിക്ക്
ആത്മാവ് സദാ കരഞ്ഞു കൊണ്ടിരിക്കയാണ്, 
അസംതൃപ്തയായ സ്ത്രീയുടെ മനസ്സ് 
അഭിസാരികയെപ്പോലെയാണ്... അവൾ
സ്നേഹം തിരഞ്ഞു കൊണ്ടേ ഇരിക്കും.
ഒരു വേള സ്നേഹത്തിന്റെ പുതപ്പിൽ 
കാമം ഒളിപ്പിച്ചു ഒരുവൻ അവളെ
ചൂണ്ടയെറിയും...
കൊരുത്തു വീണ അവൾ പിടയുന്നത് 
പുതിയൊരു ലോകം തേടിയാണ്...
തൃഷ്‌ണയുടെ മേച്ചിൽപുറമായി 
മാത്രം അവൻ അവളെ അറിയുന്നു... 
അവൾ സ്നേഹത്തിന്റെ ആത്മാവും 
വേദനയും അവനിൽ തിരഞ്ഞു നടക്കും... 
മാംസരുചി തികട്ടി വരാൻ തുടങ്ങുമ്പോൾ 
അവളെ മുഷിഞ്ഞൊരു വസ്ത്രം പോലെ 
അവൻ ഊരിയെറിയും... അവൾ കരയിൽ
വീണ മത്സ്യമായി ജലം തേടി പിടഞ്ഞു തീരും !!

Monday, September 15, 2014

-താണ്ഡവം-
മനോരോഗിണിയെ പോലെ ചില നേരം അവൾ വെറുതെ പൊട്ടിചിതറുന്ന  ചിരിയുടെ വെയിൽ പരത്തികൊണ്ടിരുന്നു. മറ്റു ചിലപ്പോൾ തിരിച്ചറിയാനാവാത്ത വേദന നിറഞ്ഞവളുടെ മിഴികൾ പുഴ പോലെ ഒഴുകി കൊണ്ടിരുന്നു... മൗനം ചുറ്റിലും പുതയുന്നതാണ് ഏറ്റവും അസഹ്യമായ അനുഭവം...
ഏകാന്തത എന്നത്  നിദ്ര കടന്നു വരാത്ത നിലാവസ്തമിക്കാത്ത രാവ് പോലെയാണ്, മടുപ്പിന്റെ അറ്റങ്ങൾ മുഴുവൻ താണ്ടിയിട്ടും  രാവസ്തമിക്കാനുള്ള കാത്തിരിപ്പ് വലിയൊരു കാലഘട്ടം പോലെ തോന്നിച്ചിരുന്നു... എന്നിട്ടും അവൾ രാവിനെ മാത്രം പ്രണയിച്ചു ... നിശബ്ദത മുറുകുമ്പോൾ അവൾ നൃത്തം വക്കാൻ തുടങ്ങും... കാഴ്ച്ചക്കാരില്ലാത്ത വേദിയിൽ മൌനത്തിന്റെ താളം പിടിച്ചവൾ നിലക്കാത്ത നൃത്ത ചുവടുകളുടെ ഒടുക്കം തളർന്നു വീഴും...

എന്നത്തെതിനും വിപരീതമായി അവൾ മയങ്ങാൻ തുടങ്ങിയിരിക്കുന്നു ഇന്ന്... നിദ്രയിൽ അവൾ പിന്നെയും ചമയമണിഞ്ഞു, പട്ടു പുടവയിൽ ദേവ നർത്തകിയായി... നിലക്കാതെ കരഘോഷങ്ങൾളോടൊപ്പം  അവളുടെ നടനം വിസ്മയമായി...

ഒരു നേരത്ത ഞരക്കത്തോടെ അവളുടെ മേനിയോന്നുലഞ്ഞു, ഉള്ളു പിടഞ്ഞു അവൾ മിഴി തുറന്നു ജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്നെന്ന പോലെ കരഘോഷം നിലക്കാതെ കാതുകളിൽ... ചിലങ്കയണിഞ്ഞു കൊതി മാറാത്ത കാലുകൾ നിര്ജ്ജീവമായി തളര്ന്നു കിടക്കുന്നു... നടനം ധ്യാനമാക്കിയ ദേഹം മരം കണക്കെ ശവമായി കിടക്കുന്നു... പുഴ പിന്നെയും ഒഴുകി വഴി തിരിഞ്ഞവളുടെ കഴുത്തിൽ നിന്നൂര്ന്നു വീണു തലയിണയിൽ  മറഞ്ഞു പോയി...  രാവിപ്പോഴും അസ്തമിചിട്ടില്ല, മനസ്സിലവൾ പുതിയൊരു താണ്ടാവമാടാൻ തുടങ്ങി 

Sunday, September 14, 2014

-തെരുവിന്റെ മകൾ -
ഇന്ന് ഞാൻ മരിച്ച ദിവസമാണ്... ആരുടേയും ഓർമ്മകളിവിടെയും തങ്ങി നിൽക്കാതെ ഞാൻ ഇങ്ങു പോരുകയായിരുന്നു...  ലോകം അതിന്റെ എല്ലാ ശബളിമതയോടെയും തിളങ്ങി നില്ക്കുന്നുണ്ട് താഴെ, പക്ഷെ ഒരിക്കലും ഈ ലോകം ഇത്ര മാത്രം സൗന്ദര്യവത്തായിരുന്നുവെന്ന് ഞാൻ തിരിച്ചരിഞ്ഞിലല... ഓർത്തു വക്കാൻ നല്ലോരു നിമിഷം പോലും എനിക്ക് കിട്ടിയിരുന്നില്ല... ഏതോ തെരുവോരത്ത് വിശപ്പിന്റെ കാഠിന്യത്തിൽ എരിഞ്ഞ നിമിഷം മുതലുള്ള ഓർമകളാണ് എന്നും കൂട്ടായിരുന്നത്... മയക്കി കിടത്തിയ കുഞ്ഞിനെ തോളിൽ വലിച്ചിട്ടു വെയിൽ  പൊള്ളിച്ച റോഡുകളിൽ ചുടുന്ന കാലടികൾ അമർത്തി നടന്നതും, രാവിന്റെ കഴുകൻ ഇരുട്ടിൽ ആരൊക്കെയോ കടന്നു വരുന്ന ശബ്ദം പലപ്പോഴും എന്നെയൊരു കുതിരയെ പോലെ ഓടാൻ പഠിപ്പിച്ചിരുന്നു ... എന്നിട്ടും എന്നോ ഒരിക്കൽ ഒരു മൈലാഞ്ചി കാടിന്റെ മറവിൽ മാനഭംഗം ചെയ്യപ്പെട്ട നാടോടി പെണ്ണായി നഷ്ട്ടപെടാൻ ഒരു മാനവുമില്ലതെ ഞാൻ ചത്ത്‌ കിടന്നു... മുനിസിപ്പാലിറ്റി യുടെ ഏതോ നാറുന്ന വാഹനത്തിൽ അന്ത്യയാത്രയും ചെയ്തു... ചപ്പുകൾകകൊപ്പം ഞാനുമൊരു ചവറായി കത്തിയമർന്നു 

Tuesday, September 9, 2014

വന്യമായ ഓർമ്മകളിലൂടെയാണെന്റെ സഞ്ചാരം... പല തവണ ചിറകുകളറുത്തിട്ടും പിന്നെയും പുതിയതൊന്നു ഞാൻ തുന്നി പിടിപ്പിക്കുന്നു... ജീവിതം എന്നത് നുകരുന്തോറും വീര്യമേറുന്ന മദ്യമാണ്... ഞാൻ അത് കുടിച്ചുന്മതയാവുന്നൊരു- ധിക്കാരി പെണ്ണ് ... കനല് പോലെ ചുടുന്ന മനസ്സുണ്ടെനിക്ക്, അതിനെ മരവിച്ചു കിടത്താൻ വശ്യമായൊരു ചിരിയുടെ മൂടുപടവും... ജീവിതം തരുന്നതെല്ലാം കാലം മധുരമാക്കുന്നു, എന്നിട്ടും കൊളുത്തി വലിച്ചു ചില നിമിഷങ്ങളുടെ നെടുവീർപ്പുകൾ അതെ പുതുമയോടെ... ശബളിതമായ ബാല്യം കിനാകണ്ടെന്റെ കുട്ടിക്കാലം പഴങ്കഥയായി മറഞ്ഞു പോയി ... അപ്പോഴും ദാരിദ്രം പോള്ളുന്നൊരു സത്യമായി നില കൊണ്ടിരുന്നു... ജീവിതം പൂക്കാൻ തുടങ്ങുന്ന വേളകളെന്നു നിനച്ചിരിക്കവേ, പണയ വസ്തു പോലെ ഞാൻ അന്യപെട്ടു - എനിക്കു പോലും... പിന്നെയൊരുനാൾ, തിരികെ പിടിച്ചു ഞാൻ എന്നെ മുഴുവനായ്... എന്നിട്ടും ഊർന്നു പോയ മണി മുത്തുകൾ പോലെ എന്റെ ജീവിതം പ്രണയം കപടതയുടെ വിവിധ മുഖങ്ങൾ പഠിപ്പിച്ചു... എന്നിട്ടും സ്നേഹത്തിന്റെ ആർദ്രത തേടി വരുമ്പോൾ ഞാൻ വിവശയാവുന്നു... ഇന്നും, പ്രണയമൊരു പഴന്തുണി കെട്ട് പോലെ ഹൃദയത്തിന്റെ അടിത്തട്ടിൽ പുഴുകി കിടപ്പുണ്ട്... ഇനിയുമേറെ അഗ്നികളെന്നെ കാത്തു നിൽപ്പുണ്ട്... നരച്ച മഴകളും, മരിച്ച സന്ധ്യകളും, ഏകാന്തതയുടെ വേനൽ രാത്രികളും എനികായി ഒരുങ്ങി നിൽപ്പുണ്ട് ... തളരില്ലോരിക്കലും,ചതിയുടെ കയ്പ്പുനീരിൽ നീന്തി കരകേറിയവളെ തകർക്കാനാവില്ലൊരിക്കലും ജീവിക്കയാണ് ഞാൻ...ഞാനായി പൊരുതാൻ, ഞാനായി ജീവിച്ചു മരിക്കാൻ...

ചില നേരം ഞാൻ ഞാനല്ലതെയാവുന്നു... എനിക്കെന്നെ അറിയാതെ പോവുന്നു..
രാവുകൾ തേടുന്ന അഭിസാരികയെ പോലെ എന്റെ ചേതന ഓർമകളുടെ മേടുകളിൽ നിന്നിലെ നേരിന്റെ മുഖം തിരഞ്ഞലഞ്ഞു നടക്കുന്നു...
പിളർന്നു പോയൊരു ബന്ധനത്തിന്റെ അവസാന അണുവും നിര്ജ്ജീവമായി കഴിഞ്ഞിട്ടും കഴിഞ്ഞ കാലത്തിന്റെ വിഴുപ്പു ഭാണ്ഡം ദുർഗന്ധം വമിച്ചെന്നിൽ കുടിയിരിക്കുന്നു...
ഞാനൊരു ആത്മ വഞ്ചകിയാണ്...
പുറമേ ചിരിയുടെ നീണ്ട അലകൾ തീർത്തു, ആത്മാവിൽ വേദനയുടെ വ്രണങ്ങൾ സൂക്ഷിച്ച ഇരുമുഖറാണിയാവുന്നു ഞാൻ ...
ജീവിത നാടകത്തിലെ ചമയങ്ങളില്ലാത്ത അസംതൃപ്തയായ ദ്വയമുഖറാണി...
മൃതദേഹങ്ങൾ, അഴുകിയ നഗരത്തിന്റെ വിഴുപ്പുകൾ, കഴുകകൂട്ടങ്ങൾ... നഗരാവശിഷ്ട്ടങ്ങൾക്ക് കീഴെ ശ്മശാനം പോലെ അവൾ നീറിയിപ്പൊഴും മരിക്കാതെ പിടയുന്നു... ഗന്ധം വമിച്ചു വിരക്തയായ ഭൂമി... വെറുപ്പിന്റെ ഭൂമി... കുമിഞ്ഞു കൂടുന്ന മാലിന്യത്തിനടിയിൽ മൃതപ്രാണയായവൾ തേങ്ങുന്നുണ്ട്... ഉള്ളറകളിൽ മരവിച്ചു കഴിഞ്ഞിട്ടും, കനിവിന്റെ മഴ കാത്തു പുകഞ്ഞു പുകഞ്ഞവൾ കത്തുന്നു...

Thursday, September 4, 2014

ഒരു നിലവിളി ഉയരുന്നുണ്ട്...
ജന്മാന്തരങ്ങളോളം മനസ്സിനെ മുറിവേൽപ്പിക്കും വിധം ച്ചുഴിഞ്ഞെന്നെ നോക്കുന്നുണ്ട് രണ്ടു കുഞ്ഞി കണ്ണുകൾ...
പൊലിയാൻ തുടങ്ങും പ്രാണന്റെ വേദന അറിയാതെ പോവാൻ മുറുകെ പിടിക്കാനൊരു വിരൽ തുമ്പ് തിരയുന്നുണ്ട് കുഞ്ഞു കൈകൾ ...
വിറക്കരുത് പ്രജ്ജ്ഞ ... ചേതനയറ്റ കുഞ്ഞു മുഖം ഓർക്കുക പോലുമരുത്...
ജാരന്റെ സന്തതി ലോകത്തിന്റെ കപടതയിൽ ജീവിക്കാനവകാശമില്ലാത്ത മാംസപിണ്ടമായി ആശുപത്രി പിന്നാമ്പുറങ്ങളിൽ അളിയണം, 
അല്ലെങ്കിൽ സൗന്ദര്യ വർദ്ധക വസ്തുവിന്റെ ചേരുവയായി അലിയണം...
ഹൃദയം തുരന്നു കൊണ്ടൊരു കുഞ്ഞു നിലവിളി നിലക്കാതെ പിന്തുടരുമ്പോഴും, കുരുന്നു പ്രാണൻ കൊത്തിയരിഞ്ഞ പണത്തിന്റെ ലഹരിയെന്നെ ശാന്തമായുറങ്ങാൻ പഠിപ്പിച്ചു ...