Monday, November 10, 2014

ഞാൻ എന്നെ തന്നെ ദൈന്യതയില്ലാതെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കയാണ്...
ഓരോ തവണയും ഞാനെന്ന സ്ത്രീ അംഗീകരിക്കപ്പെടുകയും, ഞാൻ എന്ന വ്യക്തി അപമാനിക്കപെടുകയും ചെയ്യുമ്പോൾ എന്നോട് തന്നെ ഞാൻ പക വീട്ടുകയാണ്...
ഓരോ രാത്രികളിലും അതി ശക്തമായി ഞാൻ എന്റെ ദൈവത്തെ ക്രൂശിച്ചു കൊണ്ടിരിക്കുന്നു...എന്നിൽ അളവിലേറെ കാരുണ്യവും, സ്നേഹവും നിറച്ചു അശക്തയാക്കി എന്നെ ശിക്ഷിക്കുന്നതിന്... നിലക്കാതെ ചൂളം വിളി ഉതിർക്കുന്ന മുളങ്കാടു പോലെ വാചാലയാവുന്ന എന്റെയുള്ളിലെ ഏകാകിനിയെ തുടരെ തുടരെ പരിഹാസ്യയാക്കുന്നതിന്, സ്നേഹം ആഗ്രഹിക്കുന്നവർക്ക് അപ്രാപ്യമാണ്, ഭാഗ്യമുള്ളവർക്ക് മാത്രം ലഭിക്കുന്ന ഒന്നാണെന്ന് ഓർമ്മപ്പെടുത്തുന്നതിന്... ഒരു വേള ദൈവം എനിക്ക് നേരെ കണ്ണീർ വാർക്കുക കൂടെ ചെയ്തു ... താങ്ങാവുന്നതിലുമേറെ കദനത്തിന്റെ ചില്ലകൾ നിന്നിൽ ഞാൻ വളർത്തിയിട്ടും സ്നേഹം നിറഞ്ഞല്ലോ നീ എന്നെ പഴിക്കുന്നതെന്ന് അതീവ രഹസ്യമായി എന്നോട് പറഞ്ഞു വേദനിക്കുന്നു..
എന്റെ ലോകം ഇരുട്ടിന്റെയാണ്... ഇരുൾ നിറഞ്ഞ വഴികളിലെല്ലാം ചതിയുടെ ഗൂഡമായ ചതുപ്പുകളുണ്ട്... വെളിച്ചം അന്വേഷിക്കാൻ ഞാൻ ഭയപ്പെടുകയും... തേടി വരുന്ന പ്രകാശത്തെ മുഴുവനും കണ്ണുകളിറുക്കിയടച്ചു പുറത്താക്കുകയും ചെയ്യുന്നു...
പോകാനുള്ള ഇടങ്ങൾ, വഴികൾ എല്ലാം മൂടപ്പെട്ടിരിക്കുന്ന ഈ ലോകം ഏകയായ എന്നെ എങ്ങിനെയറിയുന്നു എന്ന ചിന്ത എന്നെ ഉള്ളിൽ നിന്നും ഉലയ്ക്കുകയാണ്... എല്ലാം അവസാനിക്കുന്ന നിമിഷത്തിലേക്കുള്ള കാത്തിരിപ്പിന്റെ അകലം ഏറെ കുറഞ്ഞിരിക്കയാണെന്ന പ്രതീക്ഷയിൽ ഞാൻ തളരാതെ ജീവിക്കയാണ്

3 comments:

  1. വഴികൾ എല്ലാം മൂടപ്പെട്ടിരിക്കുന്ന ഈ ലോകം ഏകയായ

    നീറുന്ന മനസ്സു

    ReplyDelete