Wednesday, November 26, 2014

മുറിവ്

അയാളെ ആരും കാണാതെ ഒളിപ്പിച്ചിരുന്ന ഇടതു നെഞ്ചിലായി തന്നെ കത്തി ആഴ്ന്നിറങ്ങി... അപ്പോഴും അയാളെന്നെ സ്നേഹം സ്ഫുരിക്കുന്ന തീക്ഷണ മിഴികളോടെ നോക്കികൊണ്ടിരുന്നു... പ്രണയപൂർവ്വം ഒരു കൈ കൊണ്ട് നഖമാഴ്ത്തി ഞാനയാളെ ആലിംഗനം ചെയ്തിട്ടും ഉണ്ടായിരുന്നു
തിരിയെരിഞ്ഞു ചാലിച്ചെടുത്ത കരി കൊണ്ട്-
കണ്ണിൽ കവിതയെഴുതുന്നു ഞാൻ

ഇരുളിൽ സ്വർണ്ണ നിറം തൂവി മിനുത്ത വാർമുടിയിൽ-
ഒരു കുടന്ന പാല പൂക്കൾ കൊരുത്തു ചൂടുന്നു

ഏറെ ചുവന്നിട്ടും തംബൂലമിട്ടു പിന്നെയും-

മുറുക്കിയോരുക്കുന്നു തുടുത്ത അധരങ്ങൾ...

നേർത്ത കുങ്കുമരാശിയിൽ ഉരുണ്ട കവിളുകൾ... 

കൈവിരൽ തുമ്പിനാൽ നിന്നിൽ പ്രണയം-
വരക്കാൻ കൊതി പൂണ്ടു കളം വരക്കുന്നു ചുവന്ന കാൽ വിരൽ തുമ്പുകൾ
 


ചന്ദനനിറം വീണതു പോൽ, നിലാവിറങ്ങിയ പോൽ-

മഞ്ഞൾ ഗന്ധം പരത്തുന്നു മാദക രൂപിണി
- യക്ഷി -
ഇരുളിലിപ്പോഴും തിരയുന്നുണ്ട് വെളിച്ചമകന്ന ദിശയറിയാത്ത കരങ്ങൾ..
വെള്ളിചിറകുള്ള മാലാഖയായ് പുനർജനിക്കാൻ മൃതിയുടെ താഴ്‌വരയിലേക്കവൾ നനുത്ത തൂവൽ പോലെ പാറി വീണു....

മറച്ചു വയ്ക്കപ്പെടുന്ന ഓരോ സത്യവും, ഒരിക്കൽ നീതിയുടെ അന്ധതയെ-
തുരക്കുന്ന പ്രകാശ വർഷമാണ്..
ലോകമതിനു വേണ്ടി മുറവിളി കൂട്ടി കൊണ്ടിരിക്കുന്നു
കണ്ണും, കാതും വരിഞ്ഞു കെട്ടി സത്യത്തെ വേട്ടപ്പട്ടിയെ-
പോലെ ഓടിച്ചോതുക്കാൻ കുരുക്ക് മുറുക്കുന്നു മുഖംമോടികൾ[മൂടികൾ]
അശാന്തിയുടെ തീരങ്ങളിൽ ലോകം നീതിക്ക് വേണ്ടി കൈ കോർക്കുന്നു... അപ്പോഴും വെളിച്ചം കടന്നു പോയ ദിശയിലേക്ക് ഇരുൾ നിറഞ്ഞ മിഴികളൾ കണ്ണീർ വാര്ത് കൊണ്ടേ ഇരിക്കുന്നു
ഓരോ പുരുഷനിലും അനാവൃതമാക്കപ്പെടാത്ത കാമുകഭാവമുണ്ട്...
അവനതിനെ എപ്പോഴും മറച്ചു കൊണ്ടിരിക്കുന്നു


ഹൃദയരക്തം കൊണ്ടൊരു സിന്ദൂരം നീയെന്റെ ആത്മാവിൽ വരക്കുക
ജന്മാന്തരങ്ങളോളം സുമംഗലിയായിരിക്കാൻ


ഒരു സ്ത്രീ എപ്പോഴും മനസ്സ് കൊണ്ട് സ്നേഹിക്കപെടാൻ ആഗ്രഹിക്കുന്നു ...
ശരീരം കൊണ്ട് മാത്രം സ്നേഹമറിഞ്ഞു മുറിവേൽക്കുന്നു


പിരിയുമ്പോ വിതുമ്പലിൽ ചേർത്ത് കടിച്ച ചുണ്ടുകളിൽ-
കണ്ണീരിന്റെ ചുവയുള്ള നീറുന്ന ചുംബനം നിനക്കായിന്നും ബാക്കിയിരിക്കുന്നു...

ഈ ഭ്രാന്തന്‍ ചിന്തകളില്‍ നിന്നും ഞാനെങ്ങിനെ വിടുതി നേടും... പശയോട്ടുന്ന ചിലന്തിവലകല്‍ക്കുള്ളിലകപ്പെട്ടവളെ പോലെ ഞാന്‍ കുരുക്കിയിടപ്പെട്ടിരിക്കുന്നു... തീവ്രമായി ജീവിതം എന്നെ ലഹരി പിടിപ്പിക്കയാണ്... തെമ്മാടിയെ പോലെ എന്റെ ശിഥിലമാക്കപ്പെട്ട മനസ്സ് എനിക്ക് പിടി തരാതെ തിരിച്ചരിയപ്പെടാനാവാത്ത വികാരങ്ങള്‍ക്കിടയില്‍ പെട്ട് കുഴഞ്ഞു കിടക്കുന്നു...

Monday, November 10, 2014

ഞാൻ എന്നെ തന്നെ ദൈന്യതയില്ലാതെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കയാണ്...
ഓരോ തവണയും ഞാനെന്ന സ്ത്രീ അംഗീകരിക്കപ്പെടുകയും, ഞാൻ എന്ന വ്യക്തി അപമാനിക്കപെടുകയും ചെയ്യുമ്പോൾ എന്നോട് തന്നെ ഞാൻ പക വീട്ടുകയാണ്...
ഓരോ രാത്രികളിലും അതി ശക്തമായി ഞാൻ എന്റെ ദൈവത്തെ ക്രൂശിച്ചു കൊണ്ടിരിക്കുന്നു...എന്നിൽ അളവിലേറെ കാരുണ്യവും, സ്നേഹവും നിറച്ചു അശക്തയാക്കി എന്നെ ശിക്ഷിക്കുന്നതിന്... നിലക്കാതെ ചൂളം വിളി ഉതിർക്കുന്ന മുളങ്കാടു പോലെ വാചാലയാവുന്ന എന്റെയുള്ളിലെ ഏകാകിനിയെ തുടരെ തുടരെ പരിഹാസ്യയാക്കുന്നതിന്, സ്നേഹം ആഗ്രഹിക്കുന്നവർക്ക് അപ്രാപ്യമാണ്, ഭാഗ്യമുള്ളവർക്ക് മാത്രം ലഭിക്കുന്ന ഒന്നാണെന്ന് ഓർമ്മപ്പെടുത്തുന്നതിന്... ഒരു വേള ദൈവം എനിക്ക് നേരെ കണ്ണീർ വാർക്കുക കൂടെ ചെയ്തു ... താങ്ങാവുന്നതിലുമേറെ കദനത്തിന്റെ ചില്ലകൾ നിന്നിൽ ഞാൻ വളർത്തിയിട്ടും സ്നേഹം നിറഞ്ഞല്ലോ നീ എന്നെ പഴിക്കുന്നതെന്ന് അതീവ രഹസ്യമായി എന്നോട് പറഞ്ഞു വേദനിക്കുന്നു..
എന്റെ ലോകം ഇരുട്ടിന്റെയാണ്... ഇരുൾ നിറഞ്ഞ വഴികളിലെല്ലാം ചതിയുടെ ഗൂഡമായ ചതുപ്പുകളുണ്ട്... വെളിച്ചം അന്വേഷിക്കാൻ ഞാൻ ഭയപ്പെടുകയും... തേടി വരുന്ന പ്രകാശത്തെ മുഴുവനും കണ്ണുകളിറുക്കിയടച്ചു പുറത്താക്കുകയും ചെയ്യുന്നു...
പോകാനുള്ള ഇടങ്ങൾ, വഴികൾ എല്ലാം മൂടപ്പെട്ടിരിക്കുന്ന ഈ ലോകം ഏകയായ എന്നെ എങ്ങിനെയറിയുന്നു എന്ന ചിന്ത എന്നെ ഉള്ളിൽ നിന്നും ഉലയ്ക്കുകയാണ്... എല്ലാം അവസാനിക്കുന്ന നിമിഷത്തിലേക്കുള്ള കാത്തിരിപ്പിന്റെ അകലം ഏറെ കുറഞ്ഞിരിക്കയാണെന്ന പ്രതീക്ഷയിൽ ഞാൻ തളരാതെ ജീവിക്കയാണ്