Wednesday, December 21, 2016

മഞ്ഞുരുകുന്ന രാത്രിയിലും ഉടല് പൊള്ളി-
യുണരുന്നത് ഏത് സ്വപ്നത്തിന്റെ തീ ചൂടിലാണ്. 

 ഇരുട്ടൊരു കറുത്ത വസ്ത്രമായെന്റെ
 ഇന്നുകളെ വിലയം ചെയ്തിരിക്കുന്നു,

 നിശ്ശബ്ദതതയുടെ അനാഥ ഗീതികൾ..
. ഞാനെന്ന ഒറ്റയാക്കപ്പെട്ട വിഷാദ -
 മുഖമുള്ള പെണ്ണൊരുത്തി... 

ഓർമകളുടെ മേടുകളിൽ 
നിന്റെ ഉണങ്ങാ സ്നേഹ മുറിവുകൾ 

രാത്രിയുപേക്ഷിക്കപ്പെടുന്ന 
 അവസാന മാത്രകളിൽ ഇരച്ചല-
 യുന്നൊരു ഭ്രാന്തൻ കാറ്റിൽ 
 എന്റെയാത്മാവിനെ ഞാൻ തണുപ്പിച്ചെടുക്കുന്നു

 വെളിച്ചമെന്റെ മിഴികളെ തുരക്കുന്നു..
. കാഴ്ചകൾ കടും നിറ കാഴ്ചകൾ, 
നിറയെ നിറയെ... എന്നിട്ടും ഞാൻ നീയെന്ന 
കറുപ്പിലേക്കു പതുങ്ങുന്നതെന്തിനാണ്

Sunday, December 18, 2016

എഴുതാതെ ഇരിക്കുമ്പോൾ എന്നിൽ കരുണ എന്ന ഒന്ന് ഉണ്ടെന്ന് തോന്നുന്നതേയില്ല... എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാനൊരു വേട്ടമൃഗമായി തീരുകയും ചെയ്യുന്നു
യാത്രയെവിടെക്കെന്നറിയാതെ വരുമ്പോൾ മാത്രം പുറപ്പെടുക... വഴികൾ എത്തിചേരാനുള്ളിടത്തേക്കു നിങ്ങളെ എത്തിക്കുക തന്നെ ചെയ്യും

Sunday, November 6, 2016

ഭ്രാന്തു പൂക്കുന്ന തണുത്ത ഏറ്റം തണുത്ത രാത്രിയിലെ ചില്ലു വാതിലുകൾ

ഒടുക്കത്തെ കവിതയായെന്നെ തന്നെയെഴുതിയെഴുതിയവസാനിപ്പിക്കണം

ഇരുട്ടിനു കൈകളുണ്ട്... മരണത്തോളം തണുത്തു കിടക്കുമ്പോൾ, എന്നെ തൊടുന്ന ഇളംചൂടുള്ള കൈകൾ ഉമ്മയുടേത് പോലെ തോനുന്നു... എന്നെ സ്വാന്തനിപ്പിക്കുന്നു... പറയാതെ തന്നെ ഞാൻ കൂടെയുണ്ടെന്നോർമ്മിപ്പിക്കുന്നു


ഏകാന്തത ഒരു മരുപര്ദദേശമാണ്... ഉരഗങ്ങളും, naagangalum mannil puthanju kidakkumpole oro manushyanilum avante thwejass thurannu theerkkunna eakaanthathayude chee maamsangalund avanath eattam manoharamaaya മിനു മിനുത്ത tholi പുറങ്ങ്ങളാൽ മറച്ചു വക്കുന്നു


ചുഴിയായുയര്ന്നും
ഉയർന്നും മരങ്ങളെ പുണർന്നും വിലയം ചെയ്യും ഉന്മാദിയാം കാറ്റെന്ന പോലെ അവള് പിന്നെയും പിന്നെയും ആർത്തു ചിരിക്കുന്നു
 അവളുറക്കെ ചിരിക്കുമ്പോളൊരു ചിലമ്പിച്ചയുണ്ട്
കാടിനുള്ളിൽ കാറ്റലയും പോലെ


 ഉടലിൽ നിന്നും വേര്പ്പെടുമൊരു പടം പോലെ ആത്മാവ്... അത്രമേൽ ദുഷിച്ചു പോയൊരു ഓർമയുടെ ശേഷിപ്പ്


എഴുതിയവസാനിപ്പിച്ച ഞാനെന്ന കവിതയിൽ ഒരു വരി അതിപ്പോഴും ചോര കിനിയുന്ന വിരൽ തുമ്പിൽ ശേഷിക്കുന്നു

Saturday, October 29, 2016

അകവും പുറവും പൊള്ളിയുണർത്തുന്ന
പനിച്ചൂടിലേക്ക് ചുരുണ്ടുറങ്ങാൻ തോന്നുന്നു... കട്ടി പുതപ്പിനു കീഴെ ഇരുളിൽ, ചെറു ചെമ്പൻ മീശ
നനച്ചു വരണ്ട ചുണ്ടിലേക്കിറങ്ങുന്ന ഉപ്പു നദികൾ...
പനി മണം, തണുപ്പിനൊപ്പം ഇരച്ചു കയറുന്ന ഓർമകാറ്റുകൾ...
ജാലകച്ചില്ലിൽ ചിത്രം വരയ്ക്കുന്ന മഴ കൈകൾ

Friday, October 28, 2016

പരസ്പരം തണൽ മരമായി ശൂന്യത  ഇരുളിനൊപ്പം  വളരുന്നു...
നിലാവിന്റെ  വള്ളിയിഴഞ്ഞകമേ നിറഞ്ഞ്ഞിട്ടും
 കറുപ്പിന്റെ നിഴലായ് നീയുള്ളിൽ  കനക്കുന്നു...

ഇരുളിൽ വരച്ചൊരു  വിചിത്ര-
ചിത്രമായി രാത്രി തണുത്തു...  തണുത്തിങ്ങനെ...

നീ...  കനകാംബര പൂക്കൾ മണക്കും
തെരുവൊന്നിൽ മൗന ഗീതികളിൽ ആഴ്ന്നാഴ്ന്നു പോവുന്നു ...


കടൽ തുരന്ന പാറയിടുക്കിലേകാർത്തലാക്കും  യക്ഷിതിരയായി
നിന്റെ നിദ്രയോളം വന്ന കിനാവായ്  ഞാൻ തിരികെ ചിതറി മടങ്ങുന്നു

വരണ്ട തീ മണ്ണിലേക്ക്  പെയ്തു നിറയുന്ന മഴയായി എന്നിലേക്ക്‌ തന്നെ പെയ്തൊഴിയുന്നു  

Wednesday, September 21, 2016

ഒറ്റപ്പെടുകയെന്നത് രസകരമായൊരു സംഗതിയാണ്...  എല്ലാ വേദനകളും അവനവന്റെ ആത്മാവിനോട് മാത്രം സംവദിച്ചു അവസാനിപ്പിക്കുന്ന ഭ്രാന്ത്...  ചേർത്തു നിർത്തുവാനാരുമില്ലെന്ന തിരിച്ചറിവിൽ  നനഞ്ഞ തലയിണ സ്നേഹത്തിന്റെ ചൂടുള്ളൊരുടലായ് മാറുന്നു... കൂടു തുറന്ന പക്ഷികളെന്ന പോലെ ഞാനെന്നോട് തന്നെ ഉച്ചത്തിൽ മിണ്ടിയും പറഞ്ഞും കരഞ്ഞും...

Saturday, July 23, 2016

ഒരു കഥാകാരിയുടെ അന്ത്യം എപ്പോഴും അതിഭാവുകത്വമുള്ളതും കപടവുമായിരിക്കും
അത്രമേൽ ശാന്തമായുറങ്ങുക നീ...
പ്രിയമായതെല്ലാം നിനക്കൊപ്പം അടക്കം ചെയ്യുന്നു...
ഓർമകളും, അതിരില്ലാത്ത സ്നേഹവും, എന്റെ ഹൃദയവും ഞാനെന്തു ചെയ്യണം
നക്ഷത്രങ്ങളൊരു കഥ പറയുന്നു ...
ഇരുട്ടിന്റെ കഥകൾ ...
ഉറക്കം നഷ്ട്ടപ്പെട്ടവന്റെ ചിതയുടെ വെളിച്ചത്തിലിരുന്നു ഞാനത് കേൾക്കുന്നു ...
അക്ഷരങ്ങളക്ഷരങ്ങൾ... ഭാവന നിറക്കുന്ന ലഹരിയുടെ അക്ഷരങ്ങൾ...
കഥ മറക്കുന്നു എന്നെയോർമിക്കുന്നു ...ഇരുളിലെവിടെയോ ഞാൻ മറഞ്ഞു പോയിരിക്കുന്നു
നിന്റെ ഹൃദയത്തിലേക്കുള്ള വാക പൊഴിഞ്ഞ 
ചെമ്മൺ പാതകൾ...
വേദനകളെ കടലോളം ഒഴുക്കി കളഞ്ഞിട്ടും തിരകള്ന്മാദം നിറഞ്ഞലയടിക്കുന്നു ...


ഒറ്റവരി കവിത പോലെ ഞാൻ
ഇവിടെ ചുവന്നു തെളിഞ്ഞ ഉഷ്ണിച്ച പ്രഭാതത്തിലിരുന്നു അനിവാര്യമായ വിധിയെ മുൻകൂട്ടി സംഭവിപ്പിച്ച ഗർവിനപ്പുറവും, മറവിയുടെ അറക്കുള്ളിൽ തുന്നിയുറപ്പിച്ച പ്രിയപ്പെട്ട ഓർമകളുടെ ദ്രവിച്ച ചരടുകൾ പൊടിഞ്ഞൂർന്നു പോവുന്നു ... ആദ്യമായ് വർണ്ണ കൂടടർന്നു ചിറക് വിരിക്കുന്ന ശലഭം പോലെ...നഷ്ടപ്പെടുത്തിയതെന്തോ അതിവിടെയുണ്ട് ... ഹൃദയത്തിന്റെ ഏറ്റം ചോര പൊടിയുന്നിടത്ത് ... അവിടെ തന്നെ
ഉരുകുന്തോറും ഉരുക്കാവുന്ന ഹൃദയം മാത്രമുണ്ട്...

Sunday, July 17, 2016

എത്രോക്കെ നമ്മടെ ആരെങ്കിലുമാണെന്നു വിചാരിച്ചാലും ആരുമല്ലാന്നു അവരങ്ങ് തെളിയിച്ചു കളയും... അതങ്ങനാ
സ്വ സ്ത്രീത്വവുമായി ഗാഡ പ്രണയത്തിലകപ്പെട്ട സ്ത്രീ അപകടകാരിയാണ്... അവളെ തൃപ്തയാക്കാൻ മറ്റാർക്കും സാധ്യമല്ല ... നാലപ്പാട്ടെ കമല അത്തരത്തിലുള്ള ഒരു പ്രണയിനിയായിരുന്നു

Monday, July 4, 2016

രാവിന്റെ കരിയൂറ്റി കണ്ണിൽ കവിതയെഴുതണം
യക്ഷ പാല നിവർന്നു നിൽക്കും ഇടവഴിയൊന്നിൽ പൂവിടരുന്നു... പെൺ ഗന്ധം
നിന്റെ ഹൃദയത്തിലേക്കുള്ള വാക പൊഴിഞ്ഞ 
ചെമ്മൺ പാതകൾ...

Saturday, June 11, 2016

ഓർമയുടെ മുള്ളു കൊണ്ടെന്ന
പോലെ ആഴത്തിലൊരു
മുറിവുണ്ടായിരിക്കുന്നു...
മറവിയുടെ ഇരുട്ടിലേക്ക്
നീയോടി മറയുക...
സ്നേഹം... അതത്രമാത്രമെന്നെ
നിന്നിലേക്ക്‌ തിരിച്ചു വിളിക്കുന്നു..
ഉള്ളിലിരുന്നു അത്രമാത്രം അസ്വസ്ഥമാക്കുന്ന എന്തെന്നറിയാത്ത ഒന്നിനെ നിര്വീര്യമാക്കി എന്നെ തിരിച്ചെടുക്കെണ്ടാതുന്ദ്... എനിക്ക് വേണ്ടി തന്നെ എന്നെ ഞാൻ തിരിച്ചു വിളിക്കുന്നു
ഒറ്റക്കൊറ്റക്ക്‌
മരണങ്ങളത്രയധികം ശൂന്യത നിറക്കുന്നു... സ്നേഹ മുഖങ്ങൾ കാഴ്ചയിൽ നിന്നും എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമ്പോൾ, തിരിച്ചു വരവുകളില്ലാത്ത യാത്രകളിലേക്ക് അവർ മാത്രമായി പോവുമ്പോൾ ഏതു വാക്കു, കൊണ്ട്ഏതു ചേർത്തു നിര്ത്തലിനാൾ സാന്ത്വനിപ്പിക്കാനാവും...
ജീവിതത്തിൽ അവരോളം പരസ്പര സ്നേഹമുള്ള ഒരു ഭാര്യാ ഭർത്താക്കന്മാരെ ഞാൻ കണ്ടിട്ടില്ല... 60 നപ്പുറവും കണ്ണെഴുതിയും മൈലാഞ്ചിയിട്ടും പൂ ചൂടിയും ഏറ്റോം സുന്ദരിയായി, അളിയങ്ക്കാക്ക് അതൊക്കെ ഇഷ്ടാണ് ന്നു കവിളു ചുവന്നു ചുവന്നു പറയുന്ന അവരിന്നു ഒക്കേം കഴിഞ്ഞു ഹസ്ന മോളെന്നു പറഞ്ഞപ്പോ... ഏതു വാക്ക് കൊണ്ട് ഞാൻ അവരെ ആശ്വസിപ്പിക്കും... എപ്പോഴും ചിരിക്കുന്ന മുഖമുള്ള സൗമ്യനായ ഞാൻ കണ്ടത്തിൽ വച്ചേറ്റം ആത്മാർത്ഥമായ മനുഷ്യൻ, ഒരാളെയും വേദനിപ്പിക്കാതെ എല്ലാരേം സ്നേഹിച്ചു സ്നേഹിച്ചു ഒരുറക്കത്തിനോപ്പം കടന്നു പോയെന്നത് ന്റെ മനസ്സ് ഉറപ്പിച്ചത് ഒക്കേം കഴിഞ്ഞില്ലേന്നുള്ള ആ ഒരൊറ്റ വാക്കാണ്‌ ... മരണം എന്നത് ഒരു മനുഷ്യനെ എത്ര മാത്രം നിർവികാരമാക്കി കളയുമെന്ന് ഞാനത്രയേറെ അനുഭവിക്കുന്നു... മരണത്തിനപ്പുറവും ഓരോ വാക്കിലും സ്നേഹം മാത്രം നിറച്ച അലിയങ്ക്കാക്കന്റെ കദീകുട്ടി....
എത്രയധികം കഥകളാണീ മഴ പിറു പിറുക്കുന്നത്



[ മഴയോടുങ്ങാത്ത വൈകുന്നേരം... പുസ്തങ്ങൾക്കിടയിൽ കുരുങ്ങി പോയ ഞാൻ.]
ഉയരെ നിന്നുമാഴ-
ത്തിലേക്കുലഞ്ഞു
വീഴും ജല തരംഗമാവുന്നതും
വര്ഷമായ് പെയ്തു 
നിറയുന്നതും, ചുവന്ന കടലാവുന്നതും
ഞാൻ തന്നെയെന്നറിയിച്ചു കൊള്ളുന്നു
പ്രപഞ്ചമതിനെ
സാക്ഷ്യപ്പെടുത്തുന്നു
എഴുത്തുൽസവങ്ങൾ
ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി
ഓടി ഓടി രക്ഷപ്പെടാനൊരു വഴി വേണം
നിന്നിലെത്താതെയെങ്ങിനെയെന്റെ യാത്രയവസാനിക്കും
ഇപ്പോഴുമെപ്പോഴുമോർമിക്കുന്നു ! അത്ര മാത്രം
ഞാൻ...
പകലിൽ ചുട്ടു പൊള്ളിയും ഇരവിൽ മരവിച്ചു നിസംഗയായും, ചരലും മണലും നിരന്ന വരണ്ട മരുഭൂമിയാവുന്നു...
സർപ്പഗന്ധി ചൂരിഴയുന്ന ഉഷ്ണ രാത്രികൾ...
ചുടു കാറ്റിൽ മണൽ ചുഴികൾ...
ഞാൻ ... നിദ്ര ... ഉന്മാദത്തിന്റെ നക്ഷത്ര വർഷങ്ങൾ
ആരുടെയൊക്കെയോ താൽക്കാലികിടത്താവളങ്ങൾ മാത്രമാണ് നാം
അവരുടെ പ്രിയപ്പെട്ടവർ കടന്നു വരുമ്പോൾ നാം പഴുത്തിലകളാവുന്നു
... ഹൃദയത്തിൽ പുഴു കുത്തേറ്റ പഴുത്തിലകൾ
അകമേ വിഷാദത്തിന്റെ കടലിരംബങ്ങൾ
യാത്ര പോവണം...
മൺ പുതപ്പൊന്നു കരുതണം...
നിലക്കാത്ത തീവിളികൾ...
ജീവിതത്തിന്റെ അറ്റം തേടിയോടിയോടി തളരുന്ന വണ്ടികളെ നോക്കി, ഇരുമ്പ് പാളമിടുക്കിൽ കാൽ കുരുങ്ങി ഒറ്റക്കൊരു മഞ്ഞ നിറമുള്ള പെൺകുട്ടിയാർത്തു ചിരിക്കുന്നു
ചുവന്ന തെയ്യ മുഖങ്ങൾ
നാഗ കളം
പാല മണക്കുന്ന സന്ധ്യ
മുടിയാട്ടങ്ങളുടെ താളം
നഗരത്തിന്റെ പൊടി മറക്കുള്ളിൽ നാടുണരുന്നു
ഓർമകളുടെ ഉത്സവം
അസ്വസ്ഥതയുടെ കറുത്ത രാത്രി
നിസ്സഹായതയുടെ തീയാളുന്ന മനസ്സ് 
നീതി അങ്ങനൊന്നില്ല 
നിയമത്തിന്റെ അഴിയാ കുരുക്കിൽ വീണ്ടും-
വീണ്ടും ഞാൻ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു
എത്രയിറക്കി വിട്ടാലും 
മനസ്സ് തിരിച്ചു വിളിച്ചു 
കൊണ്ടേയിരിക്കുന്നവരുണ്ട് നമുക്കുള്ളിലെപ്പൊഴും
പപ്പേട്ടന്റെ പടങ്ങളേക്കാൾ ആവേശം ആണ് അദ്ധേഹത്തിന്റെ എഴുത്തുകൾ... വന്യതയുടെ എഴുത്തുകാരൻ, അസാധാരണമെന്നു തോന്നുന്ന, എന്നാൽ നമുക്കിടയിൽ തന്നെ കാലാകാലങ്ങളായുള്ള സംഭവങ്ങൾ ഒരു ഞെട്ടലോടെ ആഴത്തിൽ നട്ടുവക്കാൻ കെല്പ്പുള്ള കലാകാരൻ... 
അപരൻ, മൂവന്തി, അരപട്ട കെട്ടിയ ഗ്രാമത്തിൽ അങ്ങനെയങ്ങനെ ഭ്രാന്തൻ എഴുത്തിന്റെ ലഹരി കെടാത്ത വായനാനുഭവങ്ങൾ...വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ... പറഞ്ഞതിലേറെ പറയാതെ മനസ്സിലേക്ക് ആഴ്ന്നിറക്കുന്ന അനുഭവമാണ് ഓരോ എഴുത്തുകളും... വിക്രമകാളീശ്വരം, ഉദകപ്പോള, അനേകം ചെറുകഥകൾ... ഓരോ കൃതിയും വായനക്കാരന്റെയുള്ളിൽ സിനിമാ റീൽ പോലെ ഓടി തുടങ്ങും, വായനയവസാനിച്ചു കഴിഞ്ഞും കഥയിൽ നിന്നിറങ്ങി നമ്മോടു കൂടെ വരുന്ന കഥാപാത്രങ്ങൾ... സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഞാൻ ഗന്ധർവൻ തന്നെ പക്ഷെ ഓരോ സിനിമയും ഓരോ ജീവിതമാവുമ്പോൾ ചിലയിടത്ത് നമ്മളെ തന്നെ കാണുമ്പോൾ കഥാപാത്രങ്ങളെ ഏതിഷ്ടം എന്ന് പറയാനാവില്ല...
നഷ്ടമാണ് വലിയ നഷ്ടം...
ചാര നിറമുള്ള രാത്രി
കിനാവ്‌ വറ്റി തീർന്ന നിദ്രയിപ്പൊഴും അത്രയകലെ തന്നെ ...
നീയുള്ള ദൂരത്തിനോളമകലത്തിൽ
എഴുതപ്പെടാതെ പോവുന്ന കവിത... ഞാൻ
ചില്ലകളൊഴിയുന്നു...
ഋതുവേതെന്നറിയാതെ, 
ഇലയടർന്നൊരു പൂമരമൊറ്റക്ക്

Thursday, June 2, 2016

കവിതകളെ കൊണ്ട് സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...
മറുപടി കവിതകൾ തന്നിരുന്നൊരാളും ...

ജീവിതത്തിന്റെ ചവർപ്പിനു മുകളിലും
ഓർമ്മകൾ... അതത്രക്കും മധുരിക്കുന്നുണ്ട്...