Saturday, June 11, 2016

ഓർമയുടെ മുള്ളു കൊണ്ടെന്ന
പോലെ ആഴത്തിലൊരു
മുറിവുണ്ടായിരിക്കുന്നു...
മറവിയുടെ ഇരുട്ടിലേക്ക്
നീയോടി മറയുക...
സ്നേഹം... അതത്രമാത്രമെന്നെ
നിന്നിലേക്ക്‌ തിരിച്ചു വിളിക്കുന്നു..
ഉള്ളിലിരുന്നു അത്രമാത്രം അസ്വസ്ഥമാക്കുന്ന എന്തെന്നറിയാത്ത ഒന്നിനെ നിര്വീര്യമാക്കി എന്നെ തിരിച്ചെടുക്കെണ്ടാതുന്ദ്... എനിക്ക് വേണ്ടി തന്നെ എന്നെ ഞാൻ തിരിച്ചു വിളിക്കുന്നു
ഒറ്റക്കൊറ്റക്ക്‌
മരണങ്ങളത്രയധികം ശൂന്യത നിറക്കുന്നു... സ്നേഹ മുഖങ്ങൾ കാഴ്ചയിൽ നിന്നും എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമ്പോൾ, തിരിച്ചു വരവുകളില്ലാത്ത യാത്രകളിലേക്ക് അവർ മാത്രമായി പോവുമ്പോൾ ഏതു വാക്കു, കൊണ്ട്ഏതു ചേർത്തു നിര്ത്തലിനാൾ സാന്ത്വനിപ്പിക്കാനാവും...
ജീവിതത്തിൽ അവരോളം പരസ്പര സ്നേഹമുള്ള ഒരു ഭാര്യാ ഭർത്താക്കന്മാരെ ഞാൻ കണ്ടിട്ടില്ല... 60 നപ്പുറവും കണ്ണെഴുതിയും മൈലാഞ്ചിയിട്ടും പൂ ചൂടിയും ഏറ്റോം സുന്ദരിയായി, അളിയങ്ക്കാക്ക് അതൊക്കെ ഇഷ്ടാണ് ന്നു കവിളു ചുവന്നു ചുവന്നു പറയുന്ന അവരിന്നു ഒക്കേം കഴിഞ്ഞു ഹസ്ന മോളെന്നു പറഞ്ഞപ്പോ... ഏതു വാക്ക് കൊണ്ട് ഞാൻ അവരെ ആശ്വസിപ്പിക്കും... എപ്പോഴും ചിരിക്കുന്ന മുഖമുള്ള സൗമ്യനായ ഞാൻ കണ്ടത്തിൽ വച്ചേറ്റം ആത്മാർത്ഥമായ മനുഷ്യൻ, ഒരാളെയും വേദനിപ്പിക്കാതെ എല്ലാരേം സ്നേഹിച്ചു സ്നേഹിച്ചു ഒരുറക്കത്തിനോപ്പം കടന്നു പോയെന്നത് ന്റെ മനസ്സ് ഉറപ്പിച്ചത് ഒക്കേം കഴിഞ്ഞില്ലേന്നുള്ള ആ ഒരൊറ്റ വാക്കാണ്‌ ... മരണം എന്നത് ഒരു മനുഷ്യനെ എത്ര മാത്രം നിർവികാരമാക്കി കളയുമെന്ന് ഞാനത്രയേറെ അനുഭവിക്കുന്നു... മരണത്തിനപ്പുറവും ഓരോ വാക്കിലും സ്നേഹം മാത്രം നിറച്ച അലിയങ്ക്കാക്കന്റെ കദീകുട്ടി....
എത്രയധികം കഥകളാണീ മഴ പിറു പിറുക്കുന്നത്



[ മഴയോടുങ്ങാത്ത വൈകുന്നേരം... പുസ്തങ്ങൾക്കിടയിൽ കുരുങ്ങി പോയ ഞാൻ.]
ഉയരെ നിന്നുമാഴ-
ത്തിലേക്കുലഞ്ഞു
വീഴും ജല തരംഗമാവുന്നതും
വര്ഷമായ് പെയ്തു 
നിറയുന്നതും, ചുവന്ന കടലാവുന്നതും
ഞാൻ തന്നെയെന്നറിയിച്ചു കൊള്ളുന്നു
പ്രപഞ്ചമതിനെ
സാക്ഷ്യപ്പെടുത്തുന്നു
എഴുത്തുൽസവങ്ങൾ
ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി
ഓടി ഓടി രക്ഷപ്പെടാനൊരു വഴി വേണം
നിന്നിലെത്താതെയെങ്ങിനെയെന്റെ യാത്രയവസാനിക്കും
ഇപ്പോഴുമെപ്പോഴുമോർമിക്കുന്നു ! അത്ര മാത്രം
ഞാൻ...
പകലിൽ ചുട്ടു പൊള്ളിയും ഇരവിൽ മരവിച്ചു നിസംഗയായും, ചരലും മണലും നിരന്ന വരണ്ട മരുഭൂമിയാവുന്നു...
സർപ്പഗന്ധി ചൂരിഴയുന്ന ഉഷ്ണ രാത്രികൾ...
ചുടു കാറ്റിൽ മണൽ ചുഴികൾ...
ഞാൻ ... നിദ്ര ... ഉന്മാദത്തിന്റെ നക്ഷത്ര വർഷങ്ങൾ
ആരുടെയൊക്കെയോ താൽക്കാലികിടത്താവളങ്ങൾ മാത്രമാണ് നാം
അവരുടെ പ്രിയപ്പെട്ടവർ കടന്നു വരുമ്പോൾ നാം പഴുത്തിലകളാവുന്നു
... ഹൃദയത്തിൽ പുഴു കുത്തേറ്റ പഴുത്തിലകൾ
അകമേ വിഷാദത്തിന്റെ കടലിരംബങ്ങൾ
യാത്ര പോവണം...
മൺ പുതപ്പൊന്നു കരുതണം...
നിലക്കാത്ത തീവിളികൾ...
ജീവിതത്തിന്റെ അറ്റം തേടിയോടിയോടി തളരുന്ന വണ്ടികളെ നോക്കി, ഇരുമ്പ് പാളമിടുക്കിൽ കാൽ കുരുങ്ങി ഒറ്റക്കൊരു മഞ്ഞ നിറമുള്ള പെൺകുട്ടിയാർത്തു ചിരിക്കുന്നു
ചുവന്ന തെയ്യ മുഖങ്ങൾ
നാഗ കളം
പാല മണക്കുന്ന സന്ധ്യ
മുടിയാട്ടങ്ങളുടെ താളം
നഗരത്തിന്റെ പൊടി മറക്കുള്ളിൽ നാടുണരുന്നു
ഓർമകളുടെ ഉത്സവം
അസ്വസ്ഥതയുടെ കറുത്ത രാത്രി
നിസ്സഹായതയുടെ തീയാളുന്ന മനസ്സ് 
നീതി അങ്ങനൊന്നില്ല 
നിയമത്തിന്റെ അഴിയാ കുരുക്കിൽ വീണ്ടും-
വീണ്ടും ഞാൻ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു
എത്രയിറക്കി വിട്ടാലും 
മനസ്സ് തിരിച്ചു വിളിച്ചു 
കൊണ്ടേയിരിക്കുന്നവരുണ്ട് നമുക്കുള്ളിലെപ്പൊഴും
പപ്പേട്ടന്റെ പടങ്ങളേക്കാൾ ആവേശം ആണ് അദ്ധേഹത്തിന്റെ എഴുത്തുകൾ... വന്യതയുടെ എഴുത്തുകാരൻ, അസാധാരണമെന്നു തോന്നുന്ന, എന്നാൽ നമുക്കിടയിൽ തന്നെ കാലാകാലങ്ങളായുള്ള സംഭവങ്ങൾ ഒരു ഞെട്ടലോടെ ആഴത്തിൽ നട്ടുവക്കാൻ കെല്പ്പുള്ള കലാകാരൻ... 
അപരൻ, മൂവന്തി, അരപട്ട കെട്ടിയ ഗ്രാമത്തിൽ അങ്ങനെയങ്ങനെ ഭ്രാന്തൻ എഴുത്തിന്റെ ലഹരി കെടാത്ത വായനാനുഭവങ്ങൾ...വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ... പറഞ്ഞതിലേറെ പറയാതെ മനസ്സിലേക്ക് ആഴ്ന്നിറക്കുന്ന അനുഭവമാണ് ഓരോ എഴുത്തുകളും... വിക്രമകാളീശ്വരം, ഉദകപ്പോള, അനേകം ചെറുകഥകൾ... ഓരോ കൃതിയും വായനക്കാരന്റെയുള്ളിൽ സിനിമാ റീൽ പോലെ ഓടി തുടങ്ങും, വായനയവസാനിച്ചു കഴിഞ്ഞും കഥയിൽ നിന്നിറങ്ങി നമ്മോടു കൂടെ വരുന്ന കഥാപാത്രങ്ങൾ... സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഞാൻ ഗന്ധർവൻ തന്നെ പക്ഷെ ഓരോ സിനിമയും ഓരോ ജീവിതമാവുമ്പോൾ ചിലയിടത്ത് നമ്മളെ തന്നെ കാണുമ്പോൾ കഥാപാത്രങ്ങളെ ഏതിഷ്ടം എന്ന് പറയാനാവില്ല...
നഷ്ടമാണ് വലിയ നഷ്ടം...
ചാര നിറമുള്ള രാത്രി
കിനാവ്‌ വറ്റി തീർന്ന നിദ്രയിപ്പൊഴും അത്രയകലെ തന്നെ ...
നീയുള്ള ദൂരത്തിനോളമകലത്തിൽ
എഴുതപ്പെടാതെ പോവുന്ന കവിത... ഞാൻ
ചില്ലകളൊഴിയുന്നു...
ഋതുവേതെന്നറിയാതെ, 
ഇലയടർന്നൊരു പൂമരമൊറ്റക്ക്

Thursday, June 2, 2016

കവിതകളെ കൊണ്ട് സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...
മറുപടി കവിതകൾ തന്നിരുന്നൊരാളും ...

ജീവിതത്തിന്റെ ചവർപ്പിനു മുകളിലും
ഓർമ്മകൾ... അതത്രക്കും മധുരിക്കുന്നുണ്ട്...